പേരൂര്‍ക്കട: റിട്ട. എസ്ഐക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിഞ്ഞുവെങ്കിലും ഇയാള്‍ ഒളിവില്‍. വേറ്റിക്കോണം സ്വദേശി അനീഷ് ആണ് ഒളിവില്പ്പോയതെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വലിയതുറയില്‍ നിന്ന് എസ്ഐയായി വിരമിച്ച ജേക്കബ് ജോണ്സണ് (64) ആണ് പരിക്കേറ്റ് പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ വയറിന് 16 തുന്നലുകളുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ജേക്കബ് ജോണ്സണ് നെട്ടയം ഭാഗത്തെ ഒരു മെഡിക്കല്സ്റ്റോറിനു സമീപം ലോട്ടറി കച്ചവടം നടത്തി വരികയാണ്. അര്ജ്ജുനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മെഡിക്കല്‍സ്റ്റോര്‍. ഇയാളെ അന്വേഷിച്ച് ഹോണ്ട ആക്ടീവയിലെത്തിയ സംഘത്തിലുണ്ടായിരുന്ന അനീഷാണ് റിട്ട. എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
മെഡിക്കല്സ്റ്റോറിലെത്തിയ സംഘം അര്‍ജ്ജുനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതില്‍ ഇടപെട്ടതോടെയാണ് ജേക്കബ് ജോണ്‍സണുമായി സംഘം വാക്കേറ്റമുണ്ടാക്കിയത്. അനീഷ് തന്റെ കൈയിലിരുന്ന കത്തിയെടുത്ത് റിട്ട. എസ്ഐക്കുനേരേ വീശുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് വയറിന് പരിക്കേറ്റത്.
സംഭവമറിഞ്ഞ് അര്ജ്ജുന് റിട്ട. എസ്ഐയെ സഹായിക്കാനെത്തി. ഇയാള്‍ക്കും ആക്രമണത്തില്‍ നിസ്സാര പരിക്കേറ്റു. ഇരുവരെയും പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണം നടത്തിയശേഷം അനീഷും ഇയാള്‍ക്കൊപ്പം സ്കൂട്ടറിലെത്തിയ മറ്റൊരാളും ഇവിടെനിന്ന് രക്ഷപ്പെട്ടു.
ജേക്കബ് ജോണ്സണ് പറഞ്ഞ വിവരങ്ങള്‍ വച്ച് പ്രതിയെ പിടികൂടുന്നതിന് പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. അര്ജ്ജുന് ആശുപത്രിവിട്ടുവെങ്കിലും ജേക്കബ് ജോണ്സണ് ഇപ്പോഴും ചികിത്സയിലുണ്ട്.