കൊച്ചി: കൊച്ചി മെട്രോയുടെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്കു വരെയുള്ള രണ്ടാം ഘട്ട നിര്‍മാണത്തിനോടനുബന്ധിച്ച് ഒഴിയേണ്ടിവരുന്ന വ്യാപാരികള്‍ക്കു പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം.ഇതു സംബന്ധിച്ചു വ്യാപാരികളുമായി അധികൃതര്‍ ചര്‍ച്ചനടത്തണമെന്നും മുന്നൊരുക്കങ്ങളാന്നും കൂടാതെ നാളെയും മറ്റെന്നാളും നടത്തുന്ന ഹിയറിംഗ് പ്രഹസനമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബും ജില്ലാ സെക്രട്ടറിയും പാലാരിവട്ടം യൂണീറ്റ് പ്രസിഡന്റുമായ സി.എസ്. രാമചന്ദ്രനും പറഞ്ഞു. നിര്‍മാണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ രണ്ടാം നോട്ടിഫിക്കേഷനില്‍ 268 പേരാണ് ഒഴിയേണ്ടത്. ഇതില്‍ 240 പേരും വ്യാപാരികളാണെന്ന് ഭാരവാഹികള്‍ പറയുന്നു.
പാലാരിവട്ടം പൈപ്പ് ലൈന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള വ്യാപാരികള്‍ക്ക് ഒഴിഞ്ഞുപോകല്‍ സംബന്ധിച്ച നോട്ടീസുകള്‍ ലഭിച്ചുകഴിഞ്ഞു. നാളെയും മറ്റെന്നാളും നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കണമെന്നും 2020 മാര്‍ച്ച് 31 നകം ഒഴിഞ്ഞുകൊടുക്കേണ്ടതുമാണെന്നുമാണു നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇതിനെതിരേയാണു വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയിട്ടുള്ളത്. മൂന്നുവര്‍ഷത്തെ ലൈസന്‍സും കരം കെട്ടിയ രസീതുമടക്കം ഹാജരാകണമെന്നാണു നോട്ടീസില്‍ പറഞ്ഞിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. നഷ്ട പരിഹാരം സംബന്ധിച്ചോ മറ്റ് വിവരങ്ങളോ ഇതുവരെയായും വ്യാപാരികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമാകാതെ ഹിയറിംഗ് വിളിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ല.
മൂന്നുവര്‍ഷത്തെ രേഖകള്‍ ഇല്ലാത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോയെന്നതു സംബന്ധിച്ച് വ്യക്തയില്ല. വര്‍ഷങ്ങളായി വ്യാപാരം നടത്തുന്ന വ്യാപാരികള്‍ ഇവിടങ്ങളിലുണ്ട്. ഇതില്‍ പലര്‍ക്കും ഉദ്യോഗസ്ഥര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. ഇത്തരക്കാര്ക്കടക്കം നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഇതൊക്കെ സംബന്ധിച്ചുള്ള വ്യാപാരികളുടെ സംശയം തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.