വടകര: യൂത്ത് ലീഗ് വടകര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പു വിജയം കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ പേരിൽ ഉയർന്ന വിവാദം അടങ്ങുന്നില്ല. ഇതിന്റെ പേരിൽ തലമുതിർന്ന നേതാവിനെ സാമൂഹിക മാധ്യമത്തിൽ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് നടപടി തേടി പോലീസിൽ പരാതി എത്തിയിരിക്കുകയാണ്. ഇതോടെ ലീഗിൽ ചേരിപ്പോര് മൂർഛിച്ചു.
യൂത്ത് ലീഗ് പാണ്ടികശാല വളപ്പ് ശാഖ പ്രസിഡന്റ് ഷാജഹാൻ, വലിയവളപ്പ് ശാഖ സെക്രട്ടറി മുനീർ സേവന, എസ്ടിയു നേതാവ് അനസ്, സിറാജ്, റാഷിദ് അഴിത്തല ഇവർക്കെതിരെയാണ് പോലിസിൽ പരാതി കൊടുത്തത്. ഇതു സംബന്ധിച്ച് ഇവരോട് ഇന്നു (തിങ്കൾ) വൈകുന്നേരം വടകര സ്റ്റേഷനിൽ ഹാജരാവാൻ സിഐ പി.എം.മനോജ് നിർദേശിച്ചിരിക്കുകയാണ്.
പാർട്ടിയെ ഐക്യത്തോടെ കൊണ്ടുപോകുന്നതിനു പകരം വിഭാഗിയത ആളിക്കത്തിക്കുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി ഇവർ ഈ നേതാവിനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഇവർക്കെതിരെ നടപടി തേടി പോലീസിൽ പരാതി കൊടുത്തിരിക്കുന്നത്.
സത്യം പറയുന്നത് എങ്ങനെ വ്യക്തിഹത്യ ആകുമെന്നാണ് ഇതിന് ഇവർ മറുപടി നൽകുന്നത്. കേസ് കൊണ്ട് ഭയപ്പെടുത്തി ഞങ്ങളുടെ വായ മൂടി കെട്ടി മുസ്ലിം ലീഗിനെ ഹൈജാക്ക് ചെയ്യാമെന്ന മോഹം മനസ്സിൽ വെച്ചോ എന്നും നിങ്ങളുടെ കേസ് ഞങ്ങൾ പൂമാലയായി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.