പേരാമ്പ്ര: തൊട്ടടുത്ത വീട്ടിലെ ഹൈന്ദവ കുടുംബത്തിന്റെ വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ നബി ദിനാഘോഷങ്ങള്‍ മാറ്റിവച്ച് പാലേരി ഇടിവെട്ടി മഹല്ല് കമ്മിറ്റി മതമൈത്രിയുടെ ഉത്തമ മാതൃകയായി. ഇടിവെട്ടി ജുമാമസ്ജിദിന് സമീപമുള്ള ചമ്മംകുഴിയില്‍ ഇന്ദിരയുടെ മകള്‍ പ്രത്യുഷയുടെ വിവാഹമായിരുന്നു ഇന്നലെ.
വിവാഹവും ഗൃഹപ്രവേശവും പോലെയുള്ള ആഘോഷങ്ങള്‍ ജാതിമത ഭേദമന്യേ ഒത്തൊരുമിച്ച് നടത്താറുള്ള നാട്ടില്‍ തങ്ങളുടെ ഒരു ചെറുമകളുടെ വിവാഹം ഭംഗിയാക്കാന്‍ വേണ്ടി നബിദിനാഘോഷം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ മഹല്ല് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
നബിദിനത്തിന്റെ ഭാഗമായി നടത്താറുള്ള ആഘോഷങ്ങളായ നബിദിന റാലി, മധുര വിതരണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ 17 ലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു. പതിവുപോലെ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത ചടങ്ങില്‍ 11 നും 12 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന ചങ്ങരോത്ത് കുട്ടിക്കുന്നുമ്മല്‍ വിനു പ്രസാദ് പ്രത്യുഷയുടെ കഴുത്തില്‍ താലി ചാര്‍ത്തി.