കണ്ണൂർ നഗരവും പരിസര പ്രദേശങ്ങളും വൈകുന്നേരം ആയാൽ ഇരുട്ടിൽ തന്നെയാണ്. തെരുവുവിളക്കുകൾ കത്തുന്നതാകട്ടെ ചില പ്രദേശങ്ങളിൽ മാത്രം. കോർപ്പറേഷൻ പരിധിയിലുള്ള റോഡുകളിൽ ചിലയിടത്ത് തെരുവുവിളക്കുകൾ മിഴിയടഞ്ഞിട്ട് വർഷങ്ങളായി.
ചാല ബൈപ്പാസിൽ ചാല മുതൽ നടാൽ റെയിൽവെ ഗേറ്റ് വരെ തെരുവു വിളക്കുകൾ കത്തുന്നില്ല. രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങൾ ഇരുട്ടിൽ തന്നെയാണ്. കണ്ണൂർ നഗര പ്രദേശങ്ങളിലെ പല സ്ഥലത്തും തെരുവുവിളക്കുകൾ ഇല്ല. അതിനാൽ ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കോർപറേഷൻ എന്തു നടപടികൾ ആണ് സ്വീകരിച്ചിരിക്കുന്നത്.
കണ്ണൂർ നഗരവും 55 ഡിവിഷനുകളും ഉടൻ പ്രകാശിക്കും: മേയർ
കോർപ്പറേഷൻ പരിധിയിലെ 55 ഡിവിഷനുകളിലും തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയും പുതിയവ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി കഴിഞ്ഞതായി മേയർ സുമാ ബാലകൃഷ്ണൻ രാഷ്ട്രദീപികയോട് പറഞ്ഞു. തെരുവു വിളക്കുകളും അറ്റകുറ്റപ്പണിക്കും മാറ്റി സ്ഥാപിക്കുന്നതിനും ടെൻഡർ നടപടികൾ നല്കി കഴിഞ്ഞു.
പുതിയ ലൈൻ വലിക്കുന്നതിനായി ഒരു കോടി രൂപയും ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നത് കെഎസ്ഇബിയാണ്. കെഎസ്ഇബി ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എസ്റ്റിമേറ്റ് നടപടി പൂർത്തിയായാൽ പുതിയ ലൈൻ വലിക്കുന്നതും ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും മേയർ പറഞ്ഞു.