കൊല്ലം: പ്രസവ ശസ്ത്രക്രിയ നടത്തുന്നതിനു കൈക്കൂലി വാങ്ങിയ ഡോക്ടർക്കു തടവും പിഴയും. കൊല്ലം കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ ജൂനിയർ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനാണു മൂന്നു വർഷം തടവും 50000 രൂപ പിഴയും വിധിച്ചത്.
2011 ഡിസംബർ രണ്ടിനാണു ഡോ. റിനു വിജിലൻസിന്റെ പിടിയിലായത്. കൈക്കൂലി നൽകാത്തതിനാൽ ശസ്ത്രക്രിയ നീട്ടിക്കൊണ്ടു പോകുന്നതായി കാണിച്ചു ഗർഭിണിയുടെ ഭർത്താവ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജ് എം.ബി. സ്നേഹലതയാണു കേസിൽ വിധി പറഞ്ഞത്.
ചിതറ സ്വദേശിയായ പരാതിക്കാരനും ഭാര്യയും വിചാരണ വേളയിൽ കൂറുമാറിയിരുന്നു. ഡോ. റിനു ഇപ്പോൾ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്.