തിരന്പുഴ: മിഠായി മൊത്ത വിതരണക്കടയിൽ തീ പിടിത്തം. കട പൂർണമായും കത്തി നശിച്ചു. 40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അതിരന്പുഴ പച്ചക്കറി മാർക്കറ്റിനുസമീപം പ്രവർത്തിക്കുന്ന ധനേഷ് സ്റ്റോഴ്സിലാണ് ഇന്നു രാവിലെ അഞ്ചിനു തീപിടിത്തമുണ്ടായത്. വെളുപ്പിനു ചന്തയിലെത്തിയ നാട്ടുകാരാണു കടയിൽനിന്നും തീ ഉയരുന്നതു കണ്ടത്.
അതിരന്പുഴ കദളിമറ്റം തലയ്ക്കൽ ഗോപാലന്റെ ഉടസ്ഥതയിലുള്ള കടയാണ്. ഇൻവെർട്ടറിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിന് കാരണമെന്നു കരുതുന്നു. ആദ്യം കടയുടെ താഴത്തെ നിലയിലും പിന്നീട് സാധനങ്ങൾ സൂക്ഷിക്കാനായി കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന മുകൾ തട്ടിലേക്കും തീ പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ പഴയ കെട്ടിടത്തിനും കാര്യമായ ബലക്ഷയം സംഭവിച്ചു. ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.
മുകൾ നിലയിലെ തീ അണയ്ക്കാൻ കഴിയാതെ വന്നതോടെ കടയുടെ പിൻഭാഗത്ത് ഭിത്തിയുടെ കുറച്ചുഭാഗം പൊളിച്ച് മാറ്റിയാണു മുകൾ നിലയിലെ തീ അണച്ചത്. കോട്ടയത്തുനിന്നുമുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ ജെസിബി ഉപയോഗിച്ചാണു കടയ്ക്കുള്ളിലെ സാധനങ്ങൾ പുറത്തെത്തിച്ചത്.