കോട്ടയ്ക്കൽ: ആൾക്കൂട്ട ആക്രമണത്തിൽ മർദനമേറ്റ യുവാവ് മരിച്ചതിൽ മനംനൊന്ത് കൂട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു. വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൾക്കൂട്ടആക്രമണത്തിൽ കോട്ടക്കൽ പുതുപറന്പ് പൊറ്റയിൽ ഹൈദരാലിയുടെയും ഷൈലജയുടെയും മകൻ ഷാഹിർ (19) ആണ് മരിച്ചത്്. ഷാഹിറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇരുവരുടെയും വിവാഹം നടത്തികൊടുക്കാൻ ബന്ധുക്കൾ തമ്മിൽ ധാരണയുണ്ടായിരുന്നതായും പറയുന്നു.
പെണ്‍കുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം വിവാഹം നടത്താനായിരുന്നു ധാരണ. അതിനിടെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കൾ സംഘം ചേർന്നു യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അതേസമയം, സംഭവം വിശദമായി അന്വേഷിച്ചുവരികയാണെന്നും പോസ്റ്റുമോർട്ടത്തിനു ശേഷമേ യുവാവിന്റെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും കോട്ടയ്ക്കൽ പോലീസ് അറിയിച്ചു.