മുംബൈ: ഗായിക ലതാ മങ്കേഷ്കറിന്റെ നിലഅതീവ ഗുരുതരമെന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രി അധികൃതർ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ലതാ മങ്കേഷ്കറിന്റെ നിലഗുരുതരമാണെന്നും വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻനിലനിർത്തുന്നതെന്നുമാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ഏതാനം മണിക്കൂറായി ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോ. പ്രതിത് സമദാനി പറഞ്ഞു. ഇന്നലെ പുലർച്ചെ 1.30ന് ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ലതാ മങ്കേഷ്കറിന് സെപ്റ്റംബർ 28 ന് 90 വയസ്സ് തികഞ്ഞു. ഹിന്ദിയിൽ മാത്രം ആയിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ മങ്കേഷ്കറിന് 2001 ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന അവാർഡ് ലഭിച്ചു.
എം.എസ്. സുബ്ബലക്ഷ്മിക്ക് ശേഷം ഇത് സ്വീകരിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത. ഫ്രാൻസ് 2007 ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് (ഓഫീസർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ) അവർക്ക് നൽകി ആദരിച്ചു. പ്രമുഖ ഇന്ത്യൻ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മലയാളത്തിൽ ഒരേയൊരു ഗാനമാണ് പാടിയിട്ടുള്ളത്.