വടക്കഞ്ചേരി: കുതിരാനിലെ വാഹനക്കുരുക്കിനു താത്കാലിക ആശ്വാസം. കുതിരാൻ ഭാഗത്തെ ടാറിംഗ് ജോലികൾ പൂർത്തിയായി. ഇനി ഏതാനും മീറ്റർ ദൂരംകൂടി മാത്രമേ ടാറിംഗ് ശേഷിക്കുന്നുള്ളൂ. പവർഗ്രിഡിന്റെ ഭൂഗർഭ വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്നതിനാൽ കൊന്പഴ മമ്മദ്പടിയിൽ ടാറിംഗ് നടക്കാനുണ്ട്.
വഴുക്കുംപാറയിൽ ആറുവരിപ്പാതയുമായി യോജിക്കുന്ന ഭാഗത്തും ടാറിംഗിന്റെ അന്തിമജോലികൾ പൂർത്തീകരിക്കാനുണ്ട്. റോഡ് പൂർണമായും തകർന്നുകിടന്നിരുന്ന വഴുക്കുംപാറ, ഇരുന്പുപാലം, കുതിരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ ഫുൾടാറിംഗ് നടത്തിയും, റോഡിനു കേടുപാടുകളില്ലാത്ത ഭാഗത്തുള്ള കുഴികൾ അടച്ചുമാണ് റോഡ് ടാറിംഗ് നടത്തിയിട്ടുള്ളത്.
എന്തായാലും, ജൂണ്‍മാസം മുതൽ രൂക്ഷമായി തുടരുന്ന കുതിരാനിലെ വാഹനക്കുരുക്കിനു തത്കാലത്തേങ്കിലും പരിഹാരമായി. ടാറിംഗ് ഒരുവർഷംവരെ കേടുകൂടാതെ നില്‍ക്കുമെന്നാണ് ടാറിംഗ് നടത്തിയ നോച്ച് ഇന്ത്യ പ്രോജക്ട് കന്പനി അധികൃതരും നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരും പറയുന്നത്. അപ്പോഴേക്കും തുരങ്കപ്പാതകൾ സഞ്ചാരയോഗ്യമാകുമെന്നാണ് കണക്കുകൂട്ടൽ.