സ്വന്തം ലേഖകൻ
മുളംകുന്നത്തുകാവ്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ ഹൈക്കോടതി അനുമതി നൽകിയപ്പോൾ ആശ്വാസമാകുന്നത് ദിവസങ്ങളായി മൃതദേഹങ്ങൾ സൂക്ഷിക്കുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് പുറത്തും മെഡിക്കൽ കോളജ് കാന്പസിലും കാവൽ നിൽക്കുന്ന പോലീസിനും സുരക്ഷാഭടൻമാർക്കും. ബുദ്ധിമുട്ടുകൾ പലതും സഹിച്ചാണ് ഇവർ ഇക്കഴിഞ്ഞ ദിവസങ്ങളിലത്രയും ഇവിടെ കാവൽ നിന്നത്.
നൂറോളം പോലീസുകാരാണ് മെഡിക്കൽ കോളജിൽ കാവൽക്കാരായി വിവിധ ഭാഗങ്ങളിൽ നിൽക്കുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കും വരെ കാവൽ വേണമെന്ന് തീരുമാനിച്ചിരുന്നു. സുരക്ഷാഭീഷണി മൂലമായിരുന്നു ഇത്. മോർച്ചറിക്കു സമീപവും കാന്പസിനകത്തും കർശന നിയന്ത്രണങ്ങളുമുണ്ടായിരുന്നത് മെഡിക്കൽ കോളജ് വിദ്യാർഥികളേയും മറ്റും ഏറെ വലച്ചിരുന്നു.
കാവൽ നിൽക്കുന്ന പോലീസുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ, മോർച്ചറിക്കടുത്തുള്ള പന്പ് ഹൗസ്, മെൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് പോലീസുകാർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോകുന്നത്.
രാത്രിയിൽ സാമൂഹ്യവിരുദ്ധരുടേയും ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും ഭീഷണിയും മാവോയിസ്റ്റ് ഭീഷണിക്കൊപ്പം നേരിടേണ്ട സ്ഥിതിയാണ് കാവൽ നിൽക്കുന്നവർക്ക്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ ബന്ധുക്കൾക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും കോടതി വിധി വരാൻ വൈകുന്നതും മൂലം മൃതദേഹങ്ങൾ സംസ്കരിക്കുന്നത് നീണ്ടു പോവുകയായിരുന്നു. മൃതദേഹങ്ങൾ അഴുകി പുഴുവരിക്കുന്ന നിലയിലുമായിരുന്നു.
സംസ്കരിക്കാൻ ഹൈക്കോടതി അനുമതി നൽകിയതോടെ അടുത്ത നടപടികളിലേക്ക് കാര്യങ്ങൾ വൈകാതെ കടക്കുമെന്നാണ് മെഡിക്കൽ കോളജിൽ കാവൽ നിൽക്കുന്ന പോലീസുകാരുടെ പ്രതീക്ഷ.