ശ്രീകണ്ഠപുരം: പ്രളയത്തിൽ വ്യാപാരികൾക്കുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ കേരളമാകെ സമരം വ്യാപിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ രാഷ്ട്രദീപികയോട് പറഞ്ഞു. പ്രളയത്തിൽ സംസ്ഥാനത്ത് വ്യാപാരികൾക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്ക് സഹായധനം നൽകണമെന്നാവശ്യപ്പെട്ട് ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് നടക്കുന്ന ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായത്. പ്രളയത്തിൽ നാശ നഷ്ടമുണ്ടായ കാർഷിക മേഖലയിലുള്ളവർക്കുൾപ്പെടെ സർക്കാർ നഷ്ടപരിഹാരം നൽകിയിയെങ്കിലും വ്യാപാരികളെ അവഗണിക്കുകയാണ്. 37,000 കോടി രൂപയാണ് പ്രതിവർഷം നികുതിയിനത്തിൽ കേരളത്തിലെ വ്യാപാരികൾ സർക്കാരിന് നൽകുന്നത്. വ്യാപാരികളുടെ പ്രതിഷേധം വർധിച്ചതോടെ ധനമന്ത്രി തോമസ് ഐസക് പ്രളയം നേരിട്ട വ്യാപാരികൾക്ക് 30 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ലെന്നും നസിറുദ്ദീൻ പറഞ്ഞു.
ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി മേഖലാ പ്രസിഡന്റ് ജോർജ് തോണിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യ മേച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ പെരിങ്ങമല, കെ.എം. തോമസുകുട്ടി, കെ.കെ. വാസുദേവൻ, കെ.എ. കുഞ്ഞാവു ഹാജി, അഹമ്മദ് ഷരീഫ്, സംസ്ഥാന സെക്രട്ടറിമാരായ ദേവരാജൻ, സി.വി. ജേക്കബ്, സേതുമാധവൻ, ജില്ലാ ട്രഷറർ എം.പി. തിലകൻ, സി.സി. വർഗീസ്, കെ.ശ്രീധരൻ, പി.വി. അബ്ദുള്ള, കെ.എ. പൗലോസ്, സി.കെ. രാജൻ, രാജൻ തിയേറത്ത്, എ. സുധാകരൻ, കെ.എം. ഹരിദാസ്, പി. മുനീറുദ്ദീൻ, കെ.ആർ. നൗഷാദ്, സി.സി. മാമു ഹാജി, സി.കെ. സതീശൻ, ഷാബി ഈപ്പൻ, പി.ജെ. ആന്റണി, പി.ടി.എ. കോയ, എം.പി.എ. റഹീം, കെ. സലാഹുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
സാമാ ബസാറിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് ഉപവാസ സമരം നടക്കുന്നത്. വൈകുന്നേരം അഞ്ചുവരെ നടക്കുന്ന ഉപവാസ സമരത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യ മേച്ചേരി, ജില്ലാ-മേഖലാ ഭാരവാഹികൾ ഉൾപ്പെടെയാണ് ഉപവസിക്കുന്നത്. ഉച്ചകഴിഞ്ഞ് 3.30 ന് പ്രകടനവും പൊതു സമ്മേളനവും നടക്കും.കെ.സി. ജോസഫ് എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുക്കും.