കോട്ടയം: സ്ത്രീകളുടെ മാല പറിക്കുന്ന പെണ് മോഷ്ടാവ് നഗരത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്നു. സ്ത്രീകൾ ജാഗ്രതൈ. ചുരിദാർ ധരിച്ച യുവതി ഇന്നലെ തിരുനക്കര ബസ് സ്റ്റാൻഡിൽ ഒരു യുവതിയുടെ മാല തട്ടിയെടുക്കാൻ ശ്രമം നടത്തി. സ്റ്റാൻഡിലെ ഒരു കടയിലെ സെയിൽസ് ഗേളിന്റെ മാലയിലാണു പിടിച്ചുവലിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സ്റ്റാൻഡിനുള്ളിലൂടെ നടന്നു വരവേ എതിരേ നടന്നു വന്ന ചുരിദാറിട്ട യുവതിയാണു മാലയിൽ പിടിച്ചത്. പെട്ടെന്ന് കൈതട്ടിമാറ്റിയതോടെ ചുരിദാർധാരി ഓടി മറഞ്ഞു.
ഞൊടിയിടെ യുവതി അപ്രത്യക്ഷയായി. യുവതി കടയിലെത്തി വിവരം ധരിപ്പിച്ച് മറ്റു ജീവനക്കാരുമായി എത്തിയപ്പോഴേക്കും പെണ് മോഷ്ടാവ് സ്ഥലം വിട്ടു. സ്റ്റാൻഡിലെ ഒരു കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാവുന്ന ചിത്രങ്ങൾ ലഭിച്ചിട്ടില്ല.
ചുരിദാർ ധാരിയുടെ ഭാഗികമായ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ മാല പറിക്കുന്ന സ്ത്രീകളെക്കുറിച്ച് കോട്ടയംകാർ ആദ്യമായാണു കേൾക്കുന്നത്. മോഷ്ടാക്കൾ സംഘമായാണോ എത്തിയിരിക്കുന്നതെന്നും സംശയിക്കുന്നു. സ്റ്റാൻഡിലെ ചെറിയൊരു തിരക്കിനിടയിലാണു മാല പറിക്കാൻ ശ്രമം നടന്നത്. തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലാണെങ്കിൽ മോഷ്്ടാക്കൾക്ക് രക്ഷപെടുവാൻ കൂടുതൽ സൗകര്യം ലഭിച്ചേനെ. നഗരത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ജാഗ്രത പാലിക്കുക.