ചെങ്ങന്നൂർ: വെണ്മണിയിൽ വൃദ്ധദന്പതികളെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തിയ സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശികളായ പ്രതികൾ പിടിയിലായി. ബംഗ്ലാദേശ് സ്വദേശികളായ ലബലു, ജൂവൽ എന്നിവരെയാണ് റെയിൽവേ പോലീസിന്റെ സഹായത്തോടെ കോറാമണ്ഡൽ എക്സ്പ്രസിൽ നിന്ന് കേരളാ പോലീസ് പിടിയിലാക്കിയത്.
വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ 75) ,ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെയാണ് സ്വന്തം വീടിനുള്ളിലും വീടിനു പിന്നിലെ സ്റ്റോർ റൂമിലുമായി ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശിലേക്ക് കടക്കാനുള്ള വഴിമദ്ധ്യേ വിശാഖ പട്ടണത്തുനിന്നും ഇവരെ പിടികൂടാനായത്.
എ.പി.ചെറിയാനെയും ലില്ലിയേയും തലേ ദിവസം ഉച്ച മുതൽ വീടിനു പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ആറോടെ വീട്ടിലേക്ക് എത്തിയ സമീപ വാസികളും ബന്ധുക്കളുമായ കെ.എം വർഗീസ്, എം.എൻ.ചാണ്ടി എന്നിവരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തലേ രാത്രി വീട്ടിൽ വെളിച്ചമില്ലാതിരുന്നതിനാലും രാവിലെ ആളനക്കമില്ലാതിരുന്നതിനാലും സംശയം തോന്നിയ അവർ നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്.
മുൻഭാഗത്തെ വാതിലുകൾ അടഞ്ഞു കിടന്നതിനാൽ വീടിനു പിൻഭാഗത്തേക്ക് പോയപ്പോൾ അടുക്കള വാതിൽ തുറന്നു കിടന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് വർഗീസും ചാണ്ടിയും നടത്തിയ തെരച്ചിലിൽ ലില്ലി ചെറിയാനെ കൊല്ലപ്പെട്ട നിലയിൽ അടുക്കള ഭാഗത്തു കണ്ടു. തുടർന്ന് ഇവർ വെണ്മണി പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി നടത്തിയ തെരച്ചിലിൽ വീടിനു പിന്നിലെ സ്റ്റോർ മുറിയിൽ ചെറിയാന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ചെറിയാന്റെ മൃതശരീരത്തിനടുത്തു നിന്നും കൊലപ്പെടുത്താനുപയോഗിച്ചത് എന്നു സംശയിക്കുന്ന കന്പിവടി കണ്ടെത്തിയിട്ടുണ്ട്. ലില്ലിയുടെ മൃതശരീരത്തിന്റെ വയറ് ഭാഗത്തുനിന്നും മണ്വെട്ടിയും കണ്ടെടുത്തു. ചെറിയാന്റെ മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിലും ലില്ലിയുടേത് മലർന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ചെറിയാന്റെ തലയ്ക്ക് പിന്നിൽ കന്പിവടികൊണ്ട് അടിച്ച ആഴത്തിലുള്ള പരിക്കും മുഖത്ത് ഭിത്തിയിൽ ഉരഞ്ഞതിന്റെ പാടും ഉണ്ടായിരുന്നു. ലില്ലിയുടെ മൃതദേഹത്തിൽ മുഖത്തും തലയുടെ മുൻഭാഗത്തും ചെവിയുടെ താഴെയുമായും ആഴത്തിലുള്ള പരിക്കുകൾ ഉണ്ട്്.
ബന്ധുക്കളും പോലീസും ചേർന്ന് വീടിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ അലമാര തുറന്നു കിടക്കുകയും ഗൃഹോപകരണങ്ങൾ ചിതറിക്കിടക്കുകയും ആയിരുന്നു. 2.30നും വൈകുന്നേരം നാലിനും ഇടയ്ക്കായാണ് സംഭവം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഈ സമയം കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇതിനെ മറയാക്കിയാകാം കൃത്യം നിർവഹിച്ചതെന്നും സംശയമുണ്ട്. സംസ്ഥാനം വിട്ട പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാകാം കൃത്യം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ മോഷണ വിവരത്തെ കുറിച്ച് സ്ഥിരീകരണം ആയിട്ടില്ല. കഴിഞ്ഞ ശനിയും ഞായറുമായി ഇവരുടെ വീട്ടിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും ഇവരെ നാട്ടിൽ എത്തിച്ച കോണ്ട്രാക്ടർമാരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ നിന്നാണ് ഇവർക്കൊപ്പമുണ്ടായിരുന്ന ബംഗ്ലാദേശികളാണ് കൊലക്ക് പിന്നിലെന്ന് വ്യക്തമായത്.
ഇവർ ചെന്നൈയിലേക്ക് പോകുകയാണെന്ന് തങ്ങളെ വിളിച്ചറിയിച്ചതായും ഇവർ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിൽ നിന്നും പോലീസ് ഇവരെ പിൻ തുടർന്നിരുന്നു. ആന്ധ്രയിൽ എത്തിയപ്പോഴേക്കും പോലീസ് സംഘം ഇവരെ പിടികൂടിയെങ്കിലും പിടിക്കപ്പെട്ടത് കൊലപാതകികളാണോ എന്ന സംശയം നിഴലിച്ചു. തുടർന്ന് ചെങ്ങന്നൂരിൽ നിന്നുള്ള മറ്റൊരു സംഘം പോലീസ് വിമാന മാർഗം സ്ഥലത്തെത്തി ഇവരെ തിരിച്ചറിയുകയായിരുന്നു.
നിലവിൽ ഇവർ വിശാഖപട്ടണം പോലീസിന്റെ കസ്റ്റഡിയിലാണ്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെയോ നാളെ രാവിലെയോ പ്രതികളെ വെണ്മണിയിൽ എത്തിക്കുമെന്നാണ് സൂചന. വെണ്മണിയിൽ എത്തിച്ചശേഷം ഇവരെ തെളിവെടുപ്പിനായി എത്തിക്കുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി അനീഷ് വി.കോര, സിഐ എം. സുധി ലാൽ, സി.ഐ ജോസ്മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഭോപ്പാലിൽ വൈദ്യുത ബോർഡിൽ ജീവനക്കാരനായിരുന്ന എ.പി.ചെറിയാൻ വിരമിച്ച ശേഷം കുറച്ചു കാലം വിദേശത്ത് ജോലിയിലായിരുന്നു. തുടർന്ന്് വെണ്മണിയിലെ വീട്ടിൽ ഭാര്യയുമൊത്ത് വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. ബിബി ചെറിയാൻ, ബിന്ദു ചെറിയാൻ( ഇരുവരും ദുബായ്) പരേതയായ ബീന എന്നിവർ മക്കളാണ്. മരുമക്കൾ: ഷൈനി, രഞ്ചു (ഇരുവരും ദുബായ്). ചെങ്ങന്നൂർ ആർഡിഒ ജി.ഉഷാകുമാരി, തഹസിൽദാർ എസ്.മോഹനൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം നാളെ പകൽ 11.30 ഓടുകൂടി കോടുകുളഞ്ഞി സിഎസ്ഐ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൊലപാതകം മഴ മറയാക്കി
ചെങ്ങന്നൂർ: ശക്തമായ മഴയെ മറയാക്കി നടത്തിയ കൊലപാതം നാടിനെ നടുക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നും നാലിനും ഇടയ്ക്കുള്ള സമയത്താണ് കൊല യെന്നാണ് പോലീസ് നിഗമനം. ഈ സമയം കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു.
ഈ അവസരം മുതലാക്കിയാണ് പ്രതികൾ കൃത്യം നിർവഹിച്ചതെന്നാണ് പോലീസ് കരുതുന്നത്. ചൊവ്വാഴ്ച ചെറിയാനും സുഹൃത്തുക്കളായ 15 പേരും അടങ്ങുന്ന സംഘം ആലപ്പുഴയിലേക്ക് വിനോദ യാത്രപോകുവാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് വിവരം അറിയുവാനായി സുഹൃത്തും സഹയാത്രികനുമായ ജേക്കബ് ചാക്കോ തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ നിരന്തരം ബന്ധപ്പെട്ടെങ്കിലും ബെൽ അടിച്ചതല്ലാതെ പ്രതികരണം ഉണ്ടായില്ല.
വൈകുന്നേരം അഞ്ചിന് എന്നത്തേയും പോലെ വീടിന്റെ സിറ്റൗട്ടിൽ പാൽക്കാരൻ കുപ്പിയിൽ പാൽ കൊണ്ടുവെച്ചിരുന്നെങ്കിലും ഇതും ഇവർ എടുത്തതായി കണ്ടില്ല. ആയതിനാൽ 2.30നും വൈകുന്നേരം നാലിനും ഇടയ്ക്കായാണ് സംഭവം നടന്നതെന്നാണ് പോലീസ് കരുതുന്നത്. സംഭവ സമയത്തെ ശക്തമായ മഴയാണ് കൃത്യം പുറത്തറിയാതിരിക്കാൻ കാരണമായതെന്നും പോലീസ് കരുതുന്നുണ്ട്്.
തലേദിവസത്തെ മഴ ശാസ്ത്രീയ തെളിവെടുപ്പുകളുടെ കാര്യത്തിലും ആദ്യഘട്ടത്തിൽ ആശങ്ക ഉണ്ടാക്കി. ആലപ്പുഴയിൽ നിന്ന് ശ്രീകാന്ത്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിനടുത്തുനിന്നും സച്ചിൻ എന്ന പോലീസ് നായ പാറച്ചന്ത ഉളിയന്തറ റോഡിൽ മലയിൽപ്പടി ഭാഗത്തേക്ക് രണ്ടു കിലോമീറ്ററോളം ഓടി വിജനമായ സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
വിരലടയാള വിദഗ്ദരായ ജി.അജിത്ത്, ബ്യൂറോ ഇൻസ്പെക്ടർ കെ.അജയൻ, ശാത്രീയ പരിശോധന വിദഗ്ദ വി.ചിത്ര, പോലീസ് ഫോട്ടോഗ്രാഫർമാരായ സി.രാമചന്ദ്രൻ, സി.ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. നിത്യവും വൈകുന്നേരം നടക്കാൻ ഇറങ്ങാറുള്ള ചെറിയാനെ സാധാരണ ഗതിയിൽ കണ്ടില്ലായെങ്കിൽ നാട്ടുകാർ തിരക്കുമായിരുന്നു. എന്നാൽ തിങ്കളാഴ്ചത്തെ മഴയായിരിക്കാം ചെറിയാൻ നടക്കാനിറങ്ങാതിരിക്കാനുള്ള കാരണമെന്നു വിചാരിച്ച് സഹനടപ്പുകാരാരും തന്നെ ഇക്കാര്യം തിരക്കിയതുമില്ല.
തുന്പുണ്ടാക്കിയത്് അയൽവാസികളുടെ മൊഴി
ചെങ്ങന്നൂർ: വെണ്മണിയിലെ ഇരട്ടക്കൊലപാതകത്തിന് പെട്ടെന്ന് തുന്പുണ്ടാക്കിയത് എ.പി.ചെറിയാന്റെയും ലില്ലിയുടേയും വീട്ടിൽ ഞായറാഴ്ച പണിക്കെത്തിയത് ഇതരസംസ്ഥാനക്കാരല്ല ബംഗ്ലാദേശികളാണെന്ന ചില അയൽവാസികളുടെ മൊഴിയാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സമീപത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മങ്ങാട്ടു കുഴിയിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നാണ് കൊലപാതകികളായ ബംഗ്ലാദേശികളെ കുറിച്ചുള്ള വിവരങ്ങളും ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇവരുടെ ഫോട്ടോയും പോലീസിന് ലഭിച്ചത്. തലേ ദിവസം പെയ്ത കനത്ത മഴയിൽ തെളിവുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉയർന്നിരുന്നു. കൂടാതെ സമീപ കെട്ടിടങ്ങളിൽ എവിടെയും സിസി ടിവി കാമറകൾ ഇല്ലാതിരുന്നതും അന്വേഷണത്തിന് ആദ്യഘട്ടത്തിൽ ബുദ്ധിമുട്ടുണ്ടാക്കി.
തിങ്കളാഴ്ച്ച രാത്രി ഒന്പതോടെ തങ്ങൾ ചെന്നൈയിലേക്ക് പോകുകയാണ് എന്ന് ലബലുവും ജുബലും സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിൽ നടത്തിയ അന്വേഷണമാണ് പ്രതികൾ വിശാഖപട്ടണത്തു നിന്നും പിടിയിലാകാനുണ്ടായ കാരണം. പിടിയിലായ സുഹൃത്തുക്കൾക്കും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നു.
ഇവർ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി അനീഷ് വി.കോര, സിഐ എം. സുധി ലാൽ, വെണ്മണി എസ്.ഐ ബി.രാജീവ് കുമാർ, നൂറനാട് എസ്.ഐ ബിജു, കുറത്തികാട് എസ്.ഐ. ബിപിൻ, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. വിരലടയാള വിദഗ്ധർ, ശാസ്ത്രീയ പരിശോധകർ എന്നിവർ സംഭവ സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു.