കൊച്ചി: വടുതലയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതികളുമായി ഇന്നു തെളിവെടുപ്പ് നടത്തും. വടുതല സ്വദേശികളും ദമ്പതികളുമായ ബിബിൻ, വര്‍ഷ ഇവരുടെ സുഹൃത്തും ഒന്നാം പ്രതിയുമായ ലിതിന് എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ ഇന്നലെ വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ബിബിനും വര്‍ഷയുമാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്ന് നോര്‍ത്ത് എസ്ഐ അനസ് പറഞ്ഞു.
എന്നാല്‍, ഇവ അസ്ലീല സൈറ്റുകള്‍ക്ക് വില്ക്കുകയോ, അപ്ലോഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തമായ മറുപടിയാണ് പ്രതികള്‍ നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇക്കഴിഞ്ഞ ആറിനാണ് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ലിതിന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ ബിബിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങളാണ് മറ്റു രണ്ടു പ്രതികളും പകര്‍ത്തിയത്. ബിബിന്റെ കടയിലെ ജീവനക്കാരനാണ് ലിതിൻ. ഒന്നര വര്‍ഷത്തിലധികമായി കേസിലെ രണ്ടും മൂന്നും പ്രതികളായ വര്‍ഷയുടേയും ബിബിന്റെയും വീട്ടില്‍ പെണ്‍കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം മുതലാണ് പ്രതി ലിതിന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്.
പെണ്‍കുട്ടിയെ രണ്ട് തവണ ദമ്പതികളുടെ വീട്ടിലെത്തിച്ച് ലിതിന് പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ദമ്പതികള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി പീഡനവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ടാം പ്രതിയായ വര്‍ഷയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒന്നാം പ്രതി ലിതിന് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്.