എര്‍വിന്‍ വിവാഹത്തട്ടിപ്പുകളുടെ ഉസ്താദ് ! ഇരകളെ കുടുക്കുന്നത് ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റ് വഴി; വലയിലാക്കിയ ശേഷം പീഡനവും ഭീഷണിപ്പെടുത്തി പണം തട്ടലും; ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിങ്ങനെ…

ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റുവഴി നിരവധി യുവതികളെ കെണിയില്‍ പെടുത്തി വഞ്ചിച്ച യുവാവ് പിടിയില്‍. തൃപ്പൂണിത്തുറയിലെ ഡോക്ടറടക്കം ഒമ്പതു സ്ത്രികളെയാണ് ഇടുക്കി തടിയാമ്പാട് തേങ്ങാപുരയ്ക്കല്‍ എര്‍വിന്‍ ടി. ജോയിയുടെ രീതി. തട്ടിപ്പിനും പീഡനത്തിനും ഇരയാക്കിയത്.വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എര്‍വിന്‍, മാട്രിമോണിയലില്‍ പല പേരിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെയായിരുന്നു തട്ടിപ്പ്.

വിവാഹമോചിതര്‍ക്കു വേണ്ടിയുള്ള ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നത്. ഇങ്ങനെ പരിയചപ്പെടുന്നവരെ ലൈംഗികമായി ഉപയോഗിക്കുകയും പണവും സ്വര്‍ണങ്ങളും തട്ടിയെടുക്കുകയും ചെയ്യുകയാണ് ഇയാളുടെ രീതി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടപടി. ഇതോടെ ഡിവോഴ്സ് മാട്രിമോണിയല്‍ സൈറ്റുകള്‍ നിരീക്ഷിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാര്‍ സജീവമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. രണ്ടു പേര്‍ മാത്രമാണ് ഇയാള്‍ക്കെതിരേ രേഖമൂലം പരാതി നല്‍കാന്‍ തയ്യാറായത്.

ബാക്കിയുള്ളവരെ സാക്ഷിപ്പട്ടികയിലെങ്കിലും ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ശ്രമിക്കുകയാണ് പൊലീസ്. മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹാര്‍ഥിയായി വരുന്ന സ്ത്രീകളോട് ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരാന്‍ ആവശ്യപ്പെടും. തുടര്‍ന്ന്, വിവാഹം നടത്താന്‍ ഒരുക്കമാണെന്നും ചില അടുത്ത ബന്ധുക്കള്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്താന്‍ സാവകാശം വേണമെന്നും പറയും. പിന്നീട്, തനിക്ക് അവകാശമായി കോടികളുടെ ഓഹരിയുണ്ടെന്നും ഇത് രജിസ്റ്റര്‍ ചെയ്തെടുക്കാന്‍ അല്‍പം സാമ്പത്തികം ആവശ്യമുണ്ടെന്നും പറയും.

ഇങ്ങനെയാണ് യുവതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. ചിലര്‍ പണത്തിനു പകരം സ്വര്‍ണാഭരണങ്ങളാണ് നല്‍കിയത്. ഇതെല്ലാം ഇയാള്‍ വിറ്റു. അതിനുശേഷം മൊബൈല്‍ഫോണും ഫേസ്ബുക്ക് അക്കൗണ്ടും മാറ്റും. പിന്നീട് പുതിയ ഇരയെ തേടും. ഇയാളുടെ തട്ടിപ്പിന് ഇരകളായവരില്‍ ഏറെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ്. ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് നാല് സ്ത്രീകള്‍ പൊലീസിന് വിവരം നല്‍കി. നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തിരുന്നു. കലൂരില്‍ നിന്ന് നെടുമ്പാശ്ശേരി പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പല യുവതികളെയും ഇതേ രീതിയില്‍ കുടുക്കിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related posts