ശ്രീകണ്ഠപുരം(കണ്ണൂർ): ഇരിക്കൂറിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കാർ കസ്റ്റഡിയിൽ. കെഎൽ 58 എൽ 2021 ഇന്നോവ കാറാണ് ഇന്ന് പുലർച്ചെ ഇരിക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരിക്കൂർ പാലത്തിനു സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരിക്കൂർ സ്വദേശികളായ ഷരീഫ്, റിയാസ്, ഹുസൈൻ, സമീർ എന്നിവരാണ് പ്രതികൾ.
വധശ്രമത്തിന് കേസെടുത്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അതേസമയം പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ 30 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിക്കൂർ ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറും ബസ് കളക്ഷൻ ഏജന്റുമായ നിടുവള്ളൂരിലെ അലി അക്ബറിനു (33) നേരെയാണ് ആക്രമണമുണ്ടായത്.
ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷയിലിരിക്കുകയായിരുന്ന അലി അക്ബറിനെ ഇന്നോവ കാറിലെത്തിയ സംഘം കയറ്റിക്കൊണ്ടുപോയി മണ്ണൂർ പാലത്തിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം നടന്ന് രണ്ടാഴ്ചയോളമായിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിനെതിരേ ഓട്ടോറിക്ഷാ തൊഴിലാളികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.