ചെങ്ങന്നൂർ: ഇതരസംസ്ഥാന തൊഴിലാളി എന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്ന പലരും ബംഗ്ലാദേശികൾ. ഇവരിൽ പലരും പകൽ സമയം പാവം തൊഴിലാളികളാണെങ്കിലും അവസരം ലഭിച്ചാൽ തൊഴിലുടമകളുടെ ജീവൻ പോലും അപഹരിക്കാവുന്ന കൊടുംകുറ്റവാളികൾ ആയേക്കാമെന്നുള്ളതിന്റെ അവസാന ഉദാഹരണമാണ് ചെങ്ങന്നൂർ വെണ്മണിയിലെ വൃദ്ധ ദന്പതികളുടെ മരണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെണ്മണിയിൽ വൃദ്ധദന്പതികളെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ 75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെയാണ് സ്വന്തം വീടിനുള്ളിലും വീടിനു പിന്നിലെ സ്റ്റോർ റൂമിലുമായി രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ ജോലികൾ ചെയ്യുവാനായി എത്തിയ ബംഗ്ലാദേശ് സ്വദേശികളാണ് കൊലയ്ക്കുപിന്നിൽ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്്. കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ റെയിൽവേ പോലീസിന്റെ സഹകരണത്തോടെ കേരളാ പോലീസ് പിടികൂടുകയായിരുന്നു.
ബംഗ്ലാദേശ് സ്വദേശികളായ ലബലു, ജൂവൽ എന്നിവരാണ് പിടിയിലായത്. ബംഗ്ലാദേശികൾ ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നു. ലക്ഷകണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ വന്നു തന്പടിക്കുന്നു. ഇവരിൽ കവർച്ചക്കാരും അക്രമികളും ഉണ്ട്. സർക്കാരിന്റെ കൈയിൽ ഇത് സംബന്ധിച്ച് ഒരു രേഖയും ഇല്ല.
കർണാടകത്തിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ തുടങ്ങിയതോടെ ഇവരിൽ ഭൂരിഭാഗവും കേരളത്തിലേക്ക് പലായനം ചെയ്യുന്നതായാണ് വിവരം.
കേരളത്തിൽ ബംഗ്ലാദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായാണ് പോലീസിന്റെ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ. അവസരമൊത്താൽ മോഷണം നടത്തുന്നവർ മുതൽ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്തുന്നവർവരെ ഇവരിലുണ്ട്. ഇവരെ തിരിച്ചറിയാൻ യാതൊരു രേഖകളും ഇല്ലാത്തതിനാൽ പല കേസുകളിലും അന്വേഷണം വഴി മുട്ടിയ നിലിയിലുമാണ്.
ബംഗ്ലാദേശികൾ ഒരേ രീതിയിലുള്ള കുറ്റകൃത്യ രീതികളാണ് പലപ്പോഴും ആവർത്തിച്ചു വരുന്നത്. ഇവരിൽ പലരും കവർച്ച ലക്ഷ്യമിട്ടുതന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്. കാര്യം നടന്നുകഴിഞ്ഞാൽ ഉടൻ തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുകയുമാണ് പതിവ്.അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള കെട്ടിടനിർമാണ തൊഴിലാളികളും മറ്റും തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നിന്ന് ബംഗ്ലാദേശ് കുടിയേറ്റക്കാരെ തിരിച്ചറിയുകയെന്നത് പോലീസിന് പോലും ദുഷ്കരമാണ്.
ഇതു മനസിലാക്കിയാണ് ക്രിമിനൽ പശ്ചാത്തലമുള്ള ബംഗ്ലാദേശികളിൽ പലരും നിർമാണത്തൊഴിലാളികളുടെ വേഷത്തിൽ കേരളത്തിലേക്കെത്തുന്നത്. തീവ്രവാദികൾ, ദേശ വിരുദ്ധ ശക്തികൾ എന്നിവർ തൊഴിലാളികളായി നുഴഞ്ഞു കയറാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. ഞെട്ടിക്കുന്ന വസ്തുത കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള യാതൊരു സ്ഥിതി വിവരകണക്കും പഞ്ചായത്ത്, മുനിസിപ്പൽ അധികാരികൾക്കോ, പോലീസിനോ ഇല്ല എന്നതാണ്.