ഒറ്റപ്പാലം: അവധി ചോദിച്ചെത്തിയ അധ്യാപികക്കെതിരെ പ്രധാനാധ്യാപകന്റെ അസഭ്യവർഷം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം അന്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് എൽപി സ്കൂളിലാണ് അധ്യാപക സമൂഹത്തിന് ആകമാനം അപമാനകരമായ സംഭവം നടന്നത്. അര ദിവസത്തെ അവധി ചോദിച്ചെത്തിയ അധ്യാപികയെ പ്രധാന അധ്യാപകനായ കെ. ഉദുമാനാണ് തെറിയഭിഷേകം നടത്തി അപമാനിച്ചത്.
കേട്ടാലറയ്ക്കുന്ന തരത്തിൽ സഭ്യതയുടെ എല്ലാ സീമകളും ലംഘിക്കുന്ന വാക്കുകളും പദപ്രയോഗങ്ങളും ആണ് പ്രധാന അധ്യാപകൻ നടത്തിയത്. ഇയാളുടെ സംഭാഷണം റിക്കാർഡ് ചെയ്യപ്പെട്ടിരുന്നു. തെറിയഭിഷേകം നടത്തിയ പ്രധാന അധ്യാപകന്റെ മുന്നിൽ അധ്യാപിക കുഴഞ്ഞു വീഴുകയും ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെണ് സംഭവം പുറംലോകമറിഞ്ഞത്.
തുടർന്ന് ശബ്ദരേഖ സഹിതം അധ്യാപിക പോലീസിനെ സമീപിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തു. സ്കൂളിലെ സഹ അധ്യാപകരും പ്രധാന അധ്യാപകനും തമ്മിൽ നിലനിന്നിരുന്ന ശീതസമരമാണ് സംഭവങ്ങളിലേക്കെത്തിയതെന്നാണ് സൂചന. അധ്യാപകർ പ്രധാന അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.
പരാതികളുമായി മുന്നോട്ടു പോയതിന്റെ വൈരാഗ്യമാണ് അസഭ്യ വർഷത്തിൽ കലാശിച്ചതെന്നു പറയുന്നു. പരാതി നൽകിയതിന്റെ അതൃപ്തി പ്രധാന അധ്യാപകൻ തുറന്നു പറയുന്നതും ഓഡിയോയിൽ ഉണ്ട്. ഒറ്റപ്പാലം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രതി പിടിയിലായത്.