സ്വന്തംലേഖകൻ
തൃശൂർ: കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലെ ഒരു പ്രധാന ഹോട്ടലിലെത്തിയ വിദേശിക്ക് ലഭിച്ച നോട്ടുകൾ പരിശോധിച്ച ശേഷം ചോദിച്ചു. സർ..ഇതിലേതാണ് ഒറിജിനൽ. നൂറു രൂപയുടെ പല കളറിലുള്ള നോട്ടുകൾ കാണിച്ചാണ് വിദേശിയുടെ ചോദ്യം. എല്ലാം ഒറിജിനലാണെന്ന് പറഞ്ഞെങ്കിലും വിശ്വസിക്കാതെ വിദേശി നോട്ടുകൾ തിരിച്ചു നൽകി ഒറിജിനൽ നൽകാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ ഒരേ കളറുള്ള നൂറിന്റെ നോട്ടുകൾ കൊടുത്തപ്പോഴാണ് വിദേശി മടങ്ങിയത്.
തങ്ങളുടെ നാട്ടിൽ കറൻസികൾക്ക് പല തരത്തിൽ കണ്ഫ്യൂഷനുണ്ടാക്കുന്ന കളറുകൾ നൽകാറില്ലെന്നായിരുന്നു വിദേശിയുടെ വാദം. ഒരേ മൂല്യത്തിലുള്ള കറൻസികൾക്ക് വ്യത്യസ്ത കളറുകൾ എന്നത് വിശ്വസിക്കാനേ കഴിയുന്നില്ല. വിദേശികൾക്ക് മാത്രമല്ല, ഇപ്പോൾ നാട്ടുകാർക്കും കറൻസി നോട്ടുകളിലെ കളറുകളുടെ വ്യത്യാസം കണ്ഫ്യൂഷൻ ഉണ്ടാക്കുന്നതിലുപരി ഏതാണ് ഒറിജിനലെന്ന് സംശയമാണ്.
ഒരു നോട്ടുകൾ തന്നെ വ്യത്യസ്ഥ കളറുകളിൽ ഇറങ്ങുന്നതിനാൽ ഒറിജിനൽ ഏതാണെന്ന് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണെന്ന് വ്യാപാരികൾ പറയുന്നു. പത്തിന്റെയും ഇരുപതിന്റെയും നൂറിന്റെയുമൊക്കെ നോട്ടുകൾ ഫോട്ടോസ്റ്റാറ്റ് കൊണ്ടുവന്നാൽ പോലും പലപ്പോഴും തിരക്കിൽ തിരിച്ചറിയാൻ സാധിക്കാതെ അബദ്ധത്തിൽ പെടുന്നതായി വ്യാപാരികൾ വ്യക്തമാക്കി.
പുതുതായി ഇറങ്ങുന്ന നോട്ടുകൾ വ്യാജനാണോയെന്ന് കണ്ടെത്താൻ മെഷീനുകൽക്കു പോലും പലപ്പോഴും സാധിക്കുന്നില്ല. എടിഎം കൗണ്ടറുകളിൽ നിന്നു വരെ കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവങ്ങൾ പുറത്തറിയിക്കാനാകാതെ പല ബാങ്കുകളും ഒതുക്കി തീർത്ത സംഭവങ്ങളും മുന്പുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിൽ നിന്ന് ലക്ഷങ്ങളുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ നോട്ടുകളും ഇത്തരത്തിൽ പെട്ടന്ന് വ്യാജനാണോയെന്ന് കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള കളറുകളിൽ അച്ചടിക്കുന്നതുമൂലം പലരും വഞ്ചിതരാകുകയാണ്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ സാന്പത്തിക മേഖലയിൽ വൻ കൊള്ളയും വഞ്ചനയും നടക്കുമെന്നതിൽ സംശയമില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി.
തൃശൂർ ജില്ലയിലെ ഇതിനകം തന്നെ ലക്ഷങ്ങളുടെ കള്ളനോട്ടുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ടെന്നാണ് വ്യാപകമായ പ്രചരണം. പിടിച്ചെടുത്ത കള്ളനോട്ടുകളിലും കൂടുതൽ തുക വിപണിയിൽ ഉണ്ടാകുമെന്നാണ് സൂചന. എങ്ങനെയാണ് ഈ വ്യാജൻമാരെ കണ്ടെത്താൻ കഴിയുകയെന്നതിൽ പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ല.
ബാങ്കുകളിൽ പോലും വ്യാജൻമാരെ കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. രണ്ടായിരം രൂപയും ഇരുന്നൂറു രൂപയുമൊക്കെ വാങ്ങിക്കാൻ ഇപ്പോൾ പലരും മടിച്ചു തുടങ്ങി. ഇരുന്നൂറു രൂപയുടെ കള്ളനോട്ടുകളും വിപണിയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലോട്ടറി വിൽപനക്കാരെ ഇരുന്നൂറു രൂപയുടെ കള്ളനോട്ടുകൾ നൽകി കബളിപ്പിച്ചിരുന്നു.
ഒന്നും അറിയാത്തവരുടെ കൈയിലാണ് പലപ്പോഴും ഇത്തരത്തിൽ വ്യാജ നോട്ടുകൾ എത്തിച്ചേരുന്നത്. ഇവർ ഇതുമായി ബാങ്കിലോ മറ്റു സ്ഥാപനങ്ങളിലോ പോകുന്പോഴാണ് കള്ളനോട്ടുകളാണെന്ന് ബോധ്യമാകുന്നത്. അതോടെ നോട്ടുകൾ കൊണ്ടുവന്നവരാണ് പ്രതികളാകുന്നത്.
വിപണിയിൽ ഒറിജിനൽ നോട്ടുകളാണുള്ളതെന്ന് ഉറപ്പുവരുത്താൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും എന്തെങ്കിലും സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് വ്യാപാരികൾ പറയുന്നു. ഇത് വ്യാപാരികൾക്ക് മാത്രമല്ല സാധാരണക്കാർക്കും ഏറെ ആശ്വാസമാകും.