സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളേറ്റു വാങ്ങാൻ ബന്ധുക്കളെത്തി. കൊല്ലപ്പെട്ട മാണിവാസകൻ, കാർത്തിക് എന്നിവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതെ തുടർന്നാണ് ബന്ധുക്കൾ എത്തിയത്..
കാർത്തിക്കിന്റെ മൃതദേഹം സംബന്ധിച്ച് ഒന്നിലേറെ അവകാശികളുള്ളതിനാൽ മൃതദേഹം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.കനത്ത പോലീസ് സുരക്ഷ സംവിധാനം മെഡിക്കൽ കോളജിൽ തുടരുന്നുണ്ട്.
മാണിവാസകത്തിന്റെ സഹോദരി ലക്ഷ്മിയാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയിട്ടുള്ളത്. കാർത്തിക്കിന്റെ അമ്മ മീനാക്ഷിക്കൊപ്പം കാർത്തിക്കിന്റെ സഹോദരൻ മുരുകേശനും ഭാര്യ വാസന്തിയും എത്തിയിട്ടുണ്ട്. എന്നാൽ കാർത്തിക്കിന്റെ മൃതദേഹത്തിന് മറ്റ് അവകാശികൾ വന്നിരുന്നതിനാൽ ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്ന സാഹചര്യമാണ്. പാലക്കാട് കോടതിയിൽ ഇതു സംബന്ധിച്ച് കേസ് നടക്കുന്നുണ്ട്.
പാലക്കാട് കോടതിയിൽ നിന്നും മൃതദേഹം വി്ട്ടുകൊടുക്കണമെന്ന ഉത്തരവുമായി വന്നാൽ മാത്രമേ കാർത്തിക്കിന്റെ മൃതദേഹം വിട്ടുകൊടുക്കാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചത് കാർത്തിക് ആണോ എന്നറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ ഫലം പുറത്തുവന്നിട്ടില്ല.കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ അരവിന്ദൻ എന്നയാളെ തിരിച്ചറിയാനെത്തിയവരാണ് കാർത്തിക്കിന്റെ മൃതദേഹം കണ്ട് അതാണ് തങ്ങളുടെ സഹോദരനെന്ന് പറഞ്ഞത്.
ഇതോടെയാണ് കാർത്തിക്കിന്റെ മൃതദേഹത്തിന് രണ്ടു കൂട്ടർ അവകാശവാദമുന്നയിച്ചത്.തടവുശിക്ഷ അനുഭവിക്കുന്ന മാവോയിസ്റ്റ് രൂപേഷിന്റെ ഭാര്യ ഷൈനി, പൊതുപ്രവർത്തകരായ ഗ്രോ വാസു, ടി.കെ.വാസു എന്നിവരടക്കമുള്ളവർ ബന്ധുക്കൾക്കൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്.മാണി വാസകന്റെ മൃതദേഹം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കൾ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ അഴുകിത്തുടങ്ങിയ മൃതദേഹം എങ്ങിനെ ആംബുലൻസിൽ റോഡു മാർഗം സേലം വരെ കൊണ്ടുപോകുമെന്നതിൽ ആശങ്കയുണ്ട്.
തമിഴ്നാട്ടിൽ നിന്നും രണ്ട് ആംബുലൻസുകളുമായാണ് മാണിവാസകത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ എത്തിയിരുന്നത്. എന്നാൽ സ്വകാര്യ ആംബുലൻസിൽ മൃതദേഹം കയറ്റാൻ പറ്റില്ലെന്നും വാളയാർ അതിർത്തി വരെ കേരള പോലീസിന്റെ ആംബുലൻസിൽ പോലീസ് കാവലോടെ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കൂവെന്നും പോലീസ് വ്യക്തമാക്കി.
തമിഴ്നാട് അതിർത്തി പങ്കിടുന്ന വാളയാറിൽ വെച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ചിനായിരിക്കും മൃതദേഹം കൈമാറുകയെന്നും അവിടെ നിന്നും അവരുടെ ആംബുലൻസിലായിരിക്കും കൊണ്ടുപോവുകയെന്നും പോലീസ് സൂചിപ്പിച്ചു. വാളയാറിൽ നിന്ന് സ്വകാര്യ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ്. മൃതദേഹം വിട്ടുകിട്ടുന്നതിൽ അനാവശ്യ നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.