കോഴിക്കോട് : സ്വര്‍ണപ്പണയം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഉദേ്യാഗസ്ഥന്റെ സസ്പെന്ഷന് കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ച് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. വകുപ്പുതല നടപടികള്‍ സ്വീകരിക്കാതെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത് സാമൂഹ്യനീതിക്ക് യോജിച്ചതല്ലെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കോഴിക്കോട് കെഎസ്എഫ്ഇ സായാഹ്നശാഖയില്‍ സ്വര്‍ണപ്പണയം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ഗോവിന്ദപുരം സ്വദേശി പുരുഷോത്തമനെ സസ്പെന്‍ഡ ചെയ്തത്. 2010 ല്‍ അസി. മാനേജര്‍ തസ്തികയില്‍ നിന്നും അദ്ദേഹം വിരമിച്ചു. കമ്മീഷന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 ല്‍ പരാതിക്കാരനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അനേ്വഷണം നീണ്ടുപോയതിനാല്‍ 2009 ല്‍ തിരിച്ചെടുത്തു. 2010 ല്‍ വിരമിച്ചു.
പരാതിക്കാരന്റെ ഗ്രാറ്റുവിറ്റിയില്‍ നിന്നും 164041 രൂപ കമ്പനി തടഞ്ഞുവച്ചെങ്കിലും വിജിലന്‍സ് കേസില്‍ പരാതിക്കാരന് കുറ്റവിമുക്തനായതോടെ തുക 2019 ജൂലൈയില്‍ പരാതിക്കാരന് ലഭ്യമായി. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സ്വര്‍ണപണയം അനുവദിക്കുന്നതില്‍ പരാതിക്കാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. അതിനാല്‍ സസ്പെന്ഷന് കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കാനാവില്ലെന്ന് കമ്പനി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പരാതിക്കാരനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടിലില്ലെന്ന് കമ്മീഷന് കണ്ടെത്തി. കോടതി നടപടി വൈകിയതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. വകുപ്പ്തല നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ പരാതിക്കാരന് തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കമ്മീഷന് കണ്ടെത്തി. ചില ആനുകൂല്യങ്ങള്‍ തടയാനും ചിലത് നല്‍കാനുമുള്ള തീരുമാനം നിയമപരമല്ലെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.