ഗാന്ധിനഗർ: പോർട്ടബിൾ ഡയാലിസിസ് സംവിധാനവുമായി കോട്ടയം മെഡിക്കൽ കോളജ്. രോഗികൾ കിടക്കുന്ന സ്ഥലത്ത് ഡയാലിസിസ് യന്ത്രങ്ങൾ എത്തിച്ചു ചികിത്സ നല്കുന്ന സംവിധാനമാണ് പോൾട്ടബിൾ ഡയാലിസിസ്. കോട്ടയം മെഡിക്കൽ കോളജിൽ വൃക്കരോഗ വിഭാഗത്തിലാണ് പോർട്ടബിൾ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്.
സർക്കാർ ആശുപത്രകളിൽ ഏറ്റവും വലിയ ഡയാലിസിസ് സംവിധാനമാണ് കോട്ടയം മെഡിക്കൽ കോളജിലുള്ളത്. ആശുപത്രിയിലെ വിവിധ വാർഡുകളിലും തീവ്ര പരിചരണ വിഭാഗങ്ങളിലും കഴിയുന്ന രോഗികൾക്ക് പലപ്പോഴും ഡയാലിസിസ് ആവശ്യമാണ്.
ഈ സാഹചര്യത്തിൽ രോഗിയെ വൃക്കരോഗ വിഭാഗത്തിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ ഏതു വിഭാഗത്തിലുള്ള രോഗിക്കും ഡയാലിസിസ് ആവശ്യമായാൽ യന്ത്രം അതാതു വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകാൻ സാധിക്കും. ഇതാണ് പോൾട്ടബിൾ ഡയാലിസിസ് സംവിധാനത്തിന്റെ പ്രത്യേകത. ഇതോടെ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് യാത്രയിലുണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാകുമെന്നു മാത്രമല്ല മികച്ച ചികിത്സയും ലഭ്യമാകുന്നു.
ഡയാലിസിസ് ഡിഗ്രി കോഴ്സ് ആരംഭിച്ചു
ഗാന്ധിനഗർ: സർക്കാർ ആശുപത്രകളിൽ ആദ്യത്തെ ഡയാലിസിസ് ഡിഗ്രി കോഴ്സിന് കോട്ടയം മെഡിക്കൽ കോളജ് വൃക്കരോഗ വിഭാഗത്തിൽ തുടക്കമായി. നിലവിൽ 10 സീറ്റുകളാണ് ആരംഭിച്ചിരിക്കുന്നത്. വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാനം ചെയ്തു. വരും വർഷങ്ങളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.