വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചു കലാസ്വാദകർക്ക് മുന്നിൽ മേള വിസ്മയം തീർക്കാൻ ചലച്ചിത്ര താരം ജയറാം നാളെ എത്തും. ഏഴാം ഉത്സവ ദിനമായ നാളെ നടക്കുന്ന ശ്രീബലിയെഴുന്നള്ളിപ്പിനാണ് ജയറാം പ്രമാണിയായി നടത്തുന്ന പഞ്ചാരിമേളം അരങ്ങേറുന്നത്.
ജയറാമിനോടപ്പം പ്രശസ്തരായ 121 കലാകാരൻമാരും രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന മേളപ്പെരുക്കത്തിൽ പങ്കെടുക്കും. ശ്രീബലി എഴുന്നള്ളിപ്പ് രണ്ടു പ്രദക്ഷിണം പൂർത്തിയാക്കി കൊടിമര ചുവട്ടിൽ എത്തുന്നതോടെ ജയറാമിന്റെ നേതൃത്വത്തിലുള്ള മേളത്തിനു തുടക്കമാകും. തുടർന്നു പ്രദക്ഷിണവഴിയിലുടെ കടന്ന് ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് എത്തുന്പോൾ മേളം കൊട്ടിക്കയറും.
കഴിഞ്ഞ അഷ്ടമിയുടെ ഏഴാം ഉത്സവ നാളിലും ജയറാം വൈക്കത്തെത്തി പഞ്ചാരി മേളം ഒരുക്കിയിരുന്നു. വൈക്കം വലിയ കവല മുത്തുച്ചിപ്പി ടി.ആർ. സുരേഷ് വഴിപാടായി സമർപ്പിക്കുന്നതാണ് ജയറാമിന്റെ പഞ്ചാരിമേളം. വൈക്കത്തഷ്ടമി ഉൽസവത്തിലെ ഏഴാം ഉൽസവ ദിനമായ നാളെയാണ് വൈക്കത്തപ്പൻ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളുന്നത്.