കോന്നി: കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ കോന്നി പൊന്തനാംകുഴി കോളനിവാസികളെ റവന്യു അധികൃതരും കൈയൊഴിഞ്ഞു. കഴിഞ്ഞ 23 നാണ് കനത്ത മഴയെ തുടർന്ന് കോളനിയിലെ ഉയർന്ന ഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. മലഞ്ചെരുവിലെ ഈ ഭാഗത്ത് മാത്രം 20 ഓളം താമസക്കാരാണുള്ളത്. മണ്ണ് ഇടിച്ചിൽ ഉണ്ടായതിന്റെ അടിവാരത്തും അഞ്ചു വീടുകളാണുള്ളത്.
അപകടത്തേ തുടർന്ന് ജില്ലാ കളക്ടറും എസ്പിയും ഉൾപ്പെടെ ഇവിടം സന്ദർശിച്ചിരുന്നു. തുടർന്ന് ജിയോളജി വകുപ്പിന്റെ പരിശോധനയും നടന്നു. പരിശോധനയിൽ ഇവിടം താമസിക്കുന്നതിനു സുരഷിതമല്ലെന്ന് വകുപ്പിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തലും ഉണ്ടായി. ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. സമാധാനപരമായി സ്വന്തം ഗൃഹത്തിൽ അന്തിയുറങ്ങിയവർക്ക് ഇപ്പോൾ അതില്ലാത്ത അവസ്ഥയാണ്. മഴ കനത്താൽ പോലീസ് എത്തി ഇവിടെ നിന്നും മാറാൻ ആവശ്യപ്പെടും.
എന്നാൽ എവിടേക്ക് മാറണെന്നതു സംബന്ധിച്ച് സ്ഥിരമായ ഒരു സംവിധാന മാത്രം ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിയുന്നില്ല. പലപ്പോഴും പ്രദേശത്തെ അങ്കണവാടിയാണ് ദുരിതാശ്വാസ ക്യാന്പായി മാറുന്നത്. എന്നാൽ അങ്കണവാടി ദുരിതാശ്വാസ ക്യാന്പായി തെരഞ്ഞെടുക്കുന്നതിനു മുന്പ് സാമൂഹികനീതി വകുപ്പിന് റവന്യുവകുപ്പ് യാതൊരു നിർദേശവും നൽകിയിരുന്നില്ലെന്ന് കോന്നിയിലെ സാമൂഹ്യനീതി വകുപ്പ് ഓഫീസർ പറഞ്ഞു.
തന്നെയുമല്ല അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും കൗമാരക്കാരുടെയും പരിപാലനമാണ് അങ്കണവാടികളിൽ നടക്കുന്നത്. ജനങ്ങൾ കൂട്ടമായി ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്നത് അങ്കണവാടിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. പോഷകവസ്തുക്കളും ഭക്ഷ്യധാന്യങ്ങളുമെല്ലാം ഇത്തരം അങ്കണവാടികളിൽ സൂക്ഷിക്കുന്നുണ്ട്. അങ്കണവാടിയിലെ ക്യാമ്പ് മറ്റൊരു സുരഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സിഡബ്ല്യുസി ചെയർമാൻ സക്കീർ ഹുസൈനും ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഡ് നിർമിച്ച് ഇവിടെയുള്ള താമസവും താത്കാലിക വിസർജ്യ കേന്ദ്രവും അനുവദനീയമല്ല.
കളക്ടർ ഇടപെടണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. കൂടാതെ അങ്കണവാടിയിലെ താമസം ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും രംഗത്തെത്തിയിരിക്കുകയാണ്.അങ്കണവാടിയിൽ താത്കാലിക ഷെഡ് തീർത്തിരിക്കുന്നവർ രാത്രി 12 വരെയും ഇവിടെ ഒത്തുകൂടുന്നുണ്ട്. രാത്രിയിലും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതി ഉണ്ട്. അഞ്ച് വീട്ടുക്കാരോട് മാറി താമസിക്കാനാണ് ആവശ്യപ്പെട്ടെങ്കിലും 28 വീടുക്കാരും അങ്കണവാടിയിലെ താമസക്കാരാണ്. സ്ഥിരമായി ആരുമില്ലെങ്കലും ഇവർക്ക് ഇതൊരു താവളമായി. ഇതാക്കട്ടെ മറ്റൊരു ചെങ്ങറ ഭൂസമരം രൂപപ്പെടുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്.