ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിധിയിൽ സന്തോഷമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുക്കുളങ്ങരയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നാലെ അന്തിമ തീരുമാനമാകൂ. അതുവരെ വിശ്വാസികളായ യുവതികളാരും ശബരിമലയിൽ പോകുമെന്ന് താൻ കരുതുന്നില്ല. കഴിഞ്ഞ മണ്ഡലകാലത്തിലെ പോലെ സർക്കാർ സംരക്ഷണത്തിൽ ഇത്തവണ യുവതികളാരും മലചവിട്ടുമെന്ന് തോന്നുന്നില്ല. സ്ത്രീപ്രവേശന വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിട്ടതോടെ മുൻപത്തെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.