മാങ്ങാട്ടുപറന്പ് (കണ്ണൂർ): ട്രാക്കും ഫീൽഡും തയാർ. പോരാട്ടച്ചൂട് പകരാൻ താരങ്ങളും എത്തിത്തുടങ്ങി. പുതുവേഗവും ദൂരവും ഉയരവും കാതോർക്കുകയാണ് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പുത്തൻ സിന്തറ്റിക് ടർഫ്. അറുപത്തിമൂന്നാമത് കേരള സ്കൂൾ കായികോത്സവത്തിന് വരവറിയിച്ച് ഇന്നലെ കണ്ണൂർ നഗരത്തിൽ വിളംബരഘോഷയാത്ര നടത്തി.
സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ, ഹോളിഫാമിലി സ്കൂൾ കട്ടിപ്പാറ, കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കായികതാരങ്ങൾ ഇന്നലെ കണ്ണൂരിലെത്തി. നിലവിലുള്ള ജേതാക്കളും പത്തുതവണ ചാമ്പ്യൻമാരുമായ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ മത്സരരംഗത്തില്ല.
നാളെ രാവിലെ ഏഴിന് സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററോടെയാണ് ട്രാക്ക് ഉണരുക. രാവിലെ ഒൻപതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 3.30ന് കായികമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപശിഖ തെളിക്കും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പുത്തൻ സിന്തറ്റിക് ട്രാക്ക് വന്നതിനുശേഷമുള്ള ആദ്യത്തെ സംസ്ഥാനതല കായികമത്സരമാണിത്. ഗ്രൗണ്ടിന് സമീപം നൂറുമീറ്റർ നീളമുള്ള വാമിംഗ് അപ്പ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. എന്നാൽ, ട്രാക്കിനും ഫീൽഡിനും പുറമേയുള്ള സ്ഥലസൗകര്യങ്ങളും മത്സരം കാണാനുള്ള സംവിധാനങ്ങളും കുറവാണ്. ഇതു പരിഹരിക്കാനുള്ള താത്കാലിക ഗാലറിയുടെ നിർമാണം അവസാനഘട്ടത്തിലെത്തി.
അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സാസംവിധാനങ്ങളുള്ള മെഡിക്കൽ സെന്ററാണ് സ്പോർട്സ് പവിലിയനിലുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നാല് ആംബുലൻസുകളുമുണ്ടായിരിക്കും. ഫോട്ടോ ഫിനിഷ് കാമറ സ്ഥാപിക്കാനുള്ള അഞ്ചുമീറ്റർ ഉയരത്തിലുള്ള പവിലിയൻ, മീഡിയ പവിലിയൻ, ടൈം പവിലിയൻ തുടങ്ങിയവയും പൂർത്തിയായി.
പാലായിലെ ഹാമർ ദുരന്തത്തിന്റെ കണ്ണീരോർമയിൽ ഇക്കുറി പഴുതടച്ച സുരക്ഷാസംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. സ്റ്റാൻഡേർഡ് ഹാമർ, ഡിസ്കസ് കേജുകളാണ് ഒരുക്കിയിട്ടുള്ളത്. ഒരേസമയം ഒരു ത്രോ ഇനം മാത്രമേ നടത്തൂ. കേജിനു സമീപത്തുള്ള ട്രാക്കിൽ മത്സരങ്ങൾ നടക്കുമ്പോൾ ഡിസ്കസ്, ഹാമർ മത്സരങ്ങൾ നിർത്തിവയ്ക്കും.
താരങ്ങളുടെ യാത്രയ്ക്ക് 30 ബസുകൾ
കായികതാരങ്ങളുടെ സുഗമമായ യാത്രയ്ക്കുവേണ്ടി 30 ബസുകളാണുള്ളത്. ഇന്നു രാവിലെ മുതൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലും എത്തുന്ന കുട്ടികളെ സർവകലാശാല ഗ്രൗണ്ടിലും രജിസ്ട്രേഷൻ പൂർത്തിയാക്കി ഭക്ഷണശേഷം താമസസ്ഥലത്തും എത്തിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ അഞ്ചിന് താമസസ്ഥലത്തുനിന്ന് മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്കും വൈകുന്നേരം ഭക്ഷണത്തിനു ശേഷം താമസസ്ഥലത്തും എത്തിക്കും. ഗ്രൗണ്ട് ഒഫീഷൽസിനുള്ള വാഹനങ്ങളുമുണ്ട്.