ആലപ്പുഴ: നഗരപ്രദേശങ്ങൾ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ ശുചിത്വ യജ്ഞപരിപാടിക്ക് തുടക്കമായി.സന്നദ്ധ പ്രവർത്തകരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയിലൂടെ നഗരസഭയിലെ 52 വാർഡുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു പിന്നീട് സംസ്കരിക്കുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്നലെ ആരംഭിച്ച പരിപാടിയിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വൈസ് ചെയർപേഴ്സണ് സി. ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാ·ാരായ എ. റസാഖ്, ബഷീർ കോയാപറന്പൻ, എ.എം. നൗഫൽ, പ്രതിപക്ഷ കക്ഷിനേതാവ് ഡി. ലക്ഷ്മണൻ, വിവിധ വാർഡ് കൗണ്സിലർമാർ എന്നിവർ പങ്കാളികളായി.
45 ദിവസം കൊണ്ട് നഗരത്തെ സന്പൂർണ മാലിന്യ മുക്തമാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. 5000ത്തോളം സന്നദ്ധപ്രവർത്തകരും വിദ്യാർഥികളും വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. നഗരത്തിലെ ഇടത്തോടുകളും കാനകളും പദ്ധതിയിലൂടെ ശുചീകരിക്കും. 2020 ജനുവരി ഒന്നിന് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
കുട്ടികളിൽ നിന്നും കുടുംബത്തിലേക്ക് കുടുംബത്തിൽ നിന്നും സമൂഹത്തിലേക്ക് എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. സ്കൂൾ, കോളജ് വിദ്യാർഥികളുടെ പങ്കാളിത്തത്തിലൂടെ ഭാവി തലമുറയുടെ ശുചിത്വത്തോടുള്ള കാഴ്ചപ്പാട് ഉയർന്ന തലത്തിലുള്ളതാണെന്ന് മനസിലാക്കാൻ സാധിച്ചതായി നഗരസഭാ അധികൃതർ പറയുന്നു.
നഗരത്തിലെ എല്ലാ സ്കൂൾ കോളജ് വിദ്യാർഥികളും എൻഎസ്എസ്, എസ്പിസി യൂണിറ്റ് അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സംസ്ഥാന സർക്കാരിന്റെ കനാൽ നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം പ്രതിദിന പങ്കാളിത്തത്തോടെയുള്ള ശുചിത്വ യജ്ഞപരിപാടി നഗരത്തിന്റെ മുഖഛായ മാറ്റാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ