മാന്നാർ: കൃഷിയിലും തങ്ങൾ പിന്നോട്ടല്ലെന്ന് തെളിയിച്ച് കുട്ടിപ്പോലീസിന്റെ വാഴക്കൃഷി. ചെന്നിത്തല മഹാത്മാ സ്കൂളിലെ എസ്പിസി യാണ് സ്കൂൾ വളപ്പിലെ തരിശായി കിടന്ന ഒരേക്കർ സ്ഥലത്ത് വാഴകൃഷി നടത്തിയത്. ചെന്നിത്തല കൃഷി ഭവന്റെ സഹായത്തോടെ സ്കൂൾ മാനേജ്മെന്റിന്റെയും പിറ്റിഎ യുടെയും സഹകരണത്തോടെ സ്ഥലം കൃഷിക്ക് അനുയോജ്യമാക്കിയ ശേഷം 165 വാഴവിത്തുകൾ നട്ടു.
വെള്ളം ഒഴിച്ചതും വളം ഇട്ടതുമെല്ലാം സ്കൂളിലെ കുട്ടിപ്പോലീസ് ആയിരുന്നു. സ്കൂൾ അവധി ദിനങ്ങളിലും മറ്റ് ദിവസങ്ങളിൽ വൈകുന്നേരവും വാഴകളെ പരിപാലിക്കുവാൻ വിദ്യാർഥികൾ ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി നൂറ് മേനി വിളവാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് മഹോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു.
അഭിലാഷ് തൂന്പിനാത്ത് അധ്യക്ഷനായിരുന്നു. വി.ജെ. വർഗീസ്, ഗോപി മോഹൻ, മാന്നാർ എസ്ഐ ജോർജ് കുട്ടി, അശോക് കുമാർ, കെ. സുരേഷ് കുമാർ, വി. അശ്വതി, ബിനി സതീശൻ, സി.വി. ലക്ഷ്മി, ഡോ.എസ്. രമാദേവി, മനോജ്.എൻ.ന്പൂതിരി എന്നിവർ പ്രസംഗിച്ചു.