അതിരന്പുഴ: സ്വകാര്യ ബസ് റോഡിനു കുറുകെയിട്ടു ഗതാഗതം തടസപ്പെടുത്തുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കും. ഇന്നലെ ഉച്ചയോടെ ഏറ്റുമാനൂർ- അതിരന്പുഴ റോഡിൽ യൂണിവേഴ്സിറ്റിക്കു സമീപമായിരുന്നു സംഭവം.
കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസാണ് റോഡിനു കുറുകെയിട്ടു കോട്ടയം – പാലാ റോഡിൽ സർവീസ് നടത്തുന്ന എവിഎം ബസിനെ തടഞ്ഞ് നിർത്തിയത്. ആവേ മരിയ ബസ് എവിഎം ബസിനെ മറിക്കടക്കുന്നതിനിടയിൽ ഉരസിയതാണ് കാരണം. ഇതോടെ ബസ് റോഡിന് കുറുകെ നിർത്തിയിട്ട് 10 മിനിറ്റോളം ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും അസഭ്യവർഷവുമുണ്ടായി.
മോട്ടോർ വാഹനവകുപ്പിന്റെ നടപടികളുടെ ഭാഗമായി ഇന്നലെ രാത്രിയിൽ ട്രിപ്പ് അവസാനിപ്പിച്ചു കോട്ടയം നാഗന്പടം സ്റ്റാൻഡിൽ പാർക്കു ചെയ്തിരുന്ന ആവേ മരിയ ബസ് അധികൃതർ എത്തി പരിശോധിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷം തുടർനടപടികളുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം. തോമസ് പറഞ്ഞു.
ബസ് ജീവനക്കാർ തമ്മിൽ തർക്കമുണ്ടായതോടെ അതിരന്പുഴ റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടിയിൽ ഒരു ബസിലെ യാത്രക്കാരൻ സംഭവത്തിൽ വിഡിയോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മിഡിയായിൽ പങ്കുവയ്ക്കുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിഡിയോ വൈറലായി.