കോട്ടയം: എംബിബിഎസ് ക്ലാസിൽ കയറിയിരുന്ന ഇതര സംസ്ഥാനക്കാരനെ അധ്യാപകൻ കയ്യോടെ പിടികൂടി. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് ക്ലാസിലായിരുന്നു സംഭവം. കോട്ടും ഐഡന്റിറ്റി കാർഡും ധരിച്ചു മറ്റു വിദ്യാർഥികളെപ്പോലെ തന്നെയാണ് ഇതര സംസ്ഥാനക്കാരനും ക്ലാസിൽ കയറിയിരുന്നിരുന്നത്. അതിനാൽ മറ്റു വിദ്യാർഥികൾക്കും സംശയമുണ്ടായിരുന്നില്ല.
പതിവു പോലെ ക്ലാസിലെത്തിയ അധ്യാപകൻ സംശയം തോന്നിയതോടെ ഇതര സംസ്ഥാനക്കാരനോട് പേര് ചോദിച്ചപ്പോഴും ഐഡന്റിറ്റി കാർഡിലുണ്ടായിരുന്ന പേര്് കൃത്യമായി പറയുകയും ചെയ്തു. പീന്നിട് ക്ലാസിനു പുറത്തുപോയ അധ്യാപകൻ മറ്റ് അധ്യാപകരുമായി തിരികെയെത്തി ഇയാളെ പിടികൂടുന്പോഴാണു തങ്ങൾക്കൊപ്പം ക്ലാസിലുണ്ടായിരുന്നവൻ വ്യാജനായിരുന്നുവെന്ന് എല്ലാവർക്കും മനസിലായത്.
ഇതേ ക്ലാസിലെ ഒരു വിദ്യാർഥി ബാഗും കോട്ടും ഐഡന്റിറ്റി കാർഡും ഉൾപ്പെടെയുള്ളവ സുരക്ഷിതമായ സ്ഥാനത്തുവച്ചശേഷം അത്യാവശ്യമായി ഒരിടംവരെ പോയി. ഈ സമയത്താണ് ബാഗും കോട്ടും ഐഡന്റിറ്റി കാർഡും ഉൾപ്പെടെയുള്ളവ കൈക്കലാക്കി ഇതര സംസ്ഥാനക്കാരൻ ക്ലാസിൽ കയറിയത്.
ഡൽഹി സ്വദേശിയായ ഇയാൾ കേരളത്തിലുള്ള മാതാപിതാക്കളെ അന്വേഷിച്ചാണ് എത്തിയത്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ഇയാളെ ഇന്നലെ രാത്രി തന്നെ ട്രെയിനിൽ ഡൽഹിയിലേക്കു തിരിച്ചയച്ചു.