കൊച്ചി: പ്രഭാത, സായാഹ്ന സവാരിക്കും വിശ്രമത്തിനുമായി കൊച്ചിക്കാരുടെ പ്രിയ ഇടമായി മാറിയ ഗോശ്രീ ചാത്യാത്ത് റോഡിലെ ക്വീൻസ് വാക്ക്വേയിൽ ഇനി ഓപ്പണ്‍ ജിംനേഷ്യവും. ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന കാലത്തു പ്രഖ്യാപിച്ച ഓപ്പണ്‍ ജിംനേഷ്യത്തിന്റെയും ഐ ലവ് കൊച്ചി ഇൻസ്റ്റലേഷൻ ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം 17നു നടക്കും.
ക്വീൻസ് വാക്ക്വേയിൽ വ്യായാമത്തിനെത്തുന്നവർക്ക് ഉപകാരപ്രദമാകും വിധമാണ് ഓപ്പണ്‍ ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്. വ്യായാമത്തിനു പൊതുവായി ഉപയോഗിക്കുന്ന പത്തോളം ഉപകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ക്വീൻസ് വാക്ക് വേയുടെ മൂന്നാംഘട്ട നിർമാണത്തിന്റെ ഭാഗമായി ഹൈബി ഈഡൻ എംഎൽഎയുടെ ആസ്തി വിക്സന ഫണ്ടിൽനിന്ന് അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണ് ജിംനേഷ്യവും ഒപ്പണ്സ്റ്റേജും നിർമിച്ചിരിക്കുന്നത്.
എംഎൽഎ ആയിരുന്ന ഹൈബി ഈഡൻ മുൻകൈയെടുത്ത് ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് 2015 ഡിസംബറിലാണ് ക്യൂൻസ് വാക്ക്വേ നിർമാണം പൂർത്തീകരിച്ചത്. 1.8 കിലോമീറ്റർ ദൈർഘ്യത്തിലുള്ള വാക്ക്വേയിൽ ആധുനിക നിലവാരത്തിലുള്ള ലൈറ്റുകളും ഇരിപ്പിടങ്ങളും സുരക്ഷയ്ക്കായി സിസിടിവി കാമറകളുമുണ്ട്. നൂറുകണക്കിനാളുകളാണ് രാവിലെയും വൈകിട്ടും ഇവിടെ വ്യായാമത്തിനും ഉല്ലാസത്തിനുമായി എത്താറുള്ളത്.