കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ ചർച്ചകൾ പുരോഗമിക്കുന്നു. 90 ദിവസം കൊണ്ട് പൂർത്തീകരണം ഉണ്ടാക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾക്കാണ് അധികൃതർ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെന്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു.
തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് നിവാരത്തിനായി നടപ്പാക്കിയ ഓപ്പറേഷൻ അനന്തയുടെ മാതൃകയിൽ സമഗ്ര പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. നഗരത്തിലെ കനാലുകളും ഓടകളും ഉൾപ്പെട്ട ജലനിർഗമന മാർഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനിടയാക്കുന്ന തടസങ്ങളും കണ്ടെത്തി വരുന്നു. ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവിഷ്കരിക്കുക.
പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിവിധ വകുപ്പുകളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോർപറേഷൻ, റവന്യൂ, സർവെ, പോലീസ് വകുപ്പുകൾ ഉൾപ്പെട്ട സ്പെഷ്യൽ സെൽ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കും. വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാർട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദുരന്ത നിവാരണ നിയമപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയെ എതിർക്കുവാൻ മറ്റ് വകുപ്പുകൾക്കോ തദ്ദേശഭരണ സ്ഥാപനങ്ങൾക്കോ സാധിക്കില്ല. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സന്ധ്യ ദേവി മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.