കൊല്ലം: “”ഇനിയൊരു ഫാത്തിമ ഉണ്ടാവരുത് ” -ഈ ഒറ്റ ആവശ്യമേ മന്ത്രിയോട് ഫാത്തിമയുടെ ഉമ്മ സജിതയ്ക്ക് പറയാനുണ്ടായിരുന്നുള്ളു. ചെന്നൈ ഐ ഐ ടിയില്‍ മരിച്ച നിലയിൽ കാണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ വീട്ടില്‍ മന്ത്രി കെ ടി ജലീലിന്റെ സന്ദര്‍ശ വേളയിലായിരുന്നു പ്രതികരണം. ഫാത്തിമയുടെ സഹോദരി അയിഷ മന്ത്രിയോട് സംഭവങ്ങള്‍ വിവരിച്ചു. മരണത്തിന് തലേദിവസവും ഫാത്തിമ വീട്ടിലേക്ക് വിളിച്ചിരുന്നു.
വീഡിയോ കോളില്‍ മുഖം ദുഖഭാവത്തിലാണ് കണ്ടത്. പഠനവുമായി ബന്ധപ്പെട്ട ക്ഷീണമാണെന്നാണ് പറഞ്ഞത്. പക്ഷെ…. വാക്കുകള്‍ പൂര്ണമാക്കാന് അയിഷക്ക് ആയില്ല. ഉമ്മ സജിത പിന്നെ കേട്ടിരിക്കാന്‍ കൂട്ടാക്കിയില്ല. മകളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് മന്ത്രിയോട് അഭ്യര്‍ഥിച്ച് വീട്ടിനുള്ളിലേക്ക് പോയി.
മരണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണവുമായി തമിഴ്നാട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വിവേചനങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും ജാതി-മത വിഭാഗീയതകള്‍ ഇല്ലാതാക്കിയില്ലെങ്കില്‍ മിടുക്കന്മാരായ വിദ്യാര്‍ഥികളെ നമുക്ക് നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു. രോഹിത് വെമുല അടക്കം നിരവധി വിദ്യാര്‍ഥികളുടെ മരണം ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇന്റേണല്‍ മാര്‍ക്ക് എഴുത്തു പരീക്ഷക്ക് ആനുപാതികമാക്കാന്‍ കൊച്ചിന് സാങ്കേതിക സര്‍വകലാശാലയില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അധ്യാപകര്‍ക്ക് ഒരുതരത്തിലും വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കാന്‍ കഴിയാത്ത അന്തരീക്ഷമൊരുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.