ചെങ്ങന്നൂർ: വെണ്മണി ഇരട്ടകൊലപാതക കേസിൽ തെളിവെടുപ്പിനായി വെണ്മണിയിൽ എത്തിച്ച പ്രതികളോട് നാട്ടുകാർ രോഷാകുലരായതിനെത്തുടർന്ന് പോലീസ് ലാത്തിവീശി. വെണ്മണി ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ 75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ മോഷണ ശ്രമത്തിനിടെ കന്പിവടിയും മണ്വെട്ടിയും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളും ബംഗ്ലാദേശ് സ്വദേശികളുമായ ലബലു ഹസൻ, ജൂവൽ ഹസൻ എന്നിവരെയാണ് പോലീസ് സംഘം വെണ്മണിയിലെ ചെറിയാന്റെ വീടായ ആഞ്ഞിലിമൂട്ടിൽ എത്തിച്ചത്. പ്രതികളെ തെളിവെടുപ്പിനായി വെണ്മണിയിൽ എത്തിക്കുമെന്ന് ജനം നേരത്തെ തന്നെ അറിഞ്ഞിരുന്നു.
ഇതോടെ ഇന്നലെ വൈകുന്നേരം മൂന്നോടെ തന്നെ ആഞ്ഞിലിമൂട്ടിലെ വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 1000 കണക്കിനാളുകൾ സ്ഥലത്തെത്തിയിരുന്നു. പ്രതികളെ വിശാഖപട്ടണത്തു നിന്നും ചെന്നെയിലും അവിടെ നിന്ന് നെടുന്പാശേരിയിൽ വിമാനത്തിൽ എത്തിച്ച ശേഷം റോഡുമാർഗം ആലപ്പുഴയിൽ കഴിഞ്ഞ ദിവസം രാത്രി ഒന്പതോടെ കൊണ്ടുവരികയായിരുന്നു. ഇന്നലെ വൈകുന്നേരം 5.15 ഓടെ പ്രതികളെ തെളിവെടുപ്പിന് വെണ്മണിയിലെ കോടുകുളഞ്ഞികരോടിൽ എത്തിച്ചപ്പോൾ ജനം അക്ഷമരായി നിലയുറപ്പിച്ചിരുന്നു.
നൂറു കണക്കിന് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് പ്രതികളെ പോലീസ് വാഹനത്തിൽ എത്തിച്ചത്. ഈ സമയം ചീത്ത വിളിച്ചും കൂകി വിളിച്ചും ജനം അവരുടെ പ്രതിഷേധം അറിയിച്ചു. ഏകദേശം 20 മിനിട്ടു കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളുമായി വീട്ടിൽ നിന്നു പുറത്തേയ്ക്ക് ഇറക്കിയപ്പോൾ നാട്ടുകാർ പ്രകോപിതരായി പ്രതികൾക്കു നേരെ അസഭ്യവർഷം ചൊരിഞ്ഞ് പാഞ്ഞടുത്തു.
ഇതേത്തുടർന്ന് പോലീസ് ലാത്തിവീശി. മക്കളും ബന്ധുക്കളും പ്രതികളെ കാണണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും സ്ഥിതി വളരെ മോശമായതിനാൽ പ്രതികളെ ഉടൻ പോലീസ് വാഹനത്തിൽ കയറ്റി പോയത് പോലീസുമായി വാക്കു തർക്കത്തിനിടയാക്കി.
ഡിവൈഎസ്പി അനീഷ് .വി. കോരയുടെ സമയോചിത ഇടപെടലിലാണ് പ്രശ്നം ഇല്ലാതാക്കിയത്. ബന്ധുക്കളെയും മക്കളെയും വെണ്മണി പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതികളെ കാണിക്കാം എന്ന ഉറപ്പിൻമേലാണ് സംഘർഷത്തിന് നേരിയ അയവു വന്നത്. ഈ സമയം തിക്കിലും തിരക്കിലും പെട്ട് ആഞ്ഞിലിമൂട്ടിൽ വീടിന്റെ മതിലിന്റെ ഒരു ഭാഗം തകർന്നു.