പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നെത്തിയ തീർഥാടക സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതികളെയാണ് പ്രായം അമ്പത് പൂർത്തിയായില്ല എന്ന് കണ്ടെത്തിയതിന് പിന്നാലെ പമ്പയിൽ തടഞ്ഞത്. ഇവരുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ പ്രായം വ്യക്തമായതിന് പിന്നാലെ ശബരിമലയിലേക്ക് പോകാൻ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് മൂവരും നിലയ്ക്കലിലേക്ക് മടങ്ങി.
പുരുഷന്മാരുൾപ്പടെ നിരവധി പേരാണ് വിജയവാഡയിൽ നിന്നുള്ള സംഘത്തിലുണ്ടായിരുന്നത്. യുവതികൾക്കുള്ള വിലക്കിനെപ്പറ്റി ഇവർക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് വിവരങ്ങൾ ആരാഞ്ഞപ്പോൾ പോലീസിന് വ്യക്തമായി. തുടർന്നാണ് പോലീസ് മലചവിട്ടാൻ കഴിയില്ലെന്ന് അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവർ സന്നിധാനത്തേക്ക് പോയി.
പമ്പയിൽ സ്ത്രീകളായ ഭക്തരുടെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് മലകയറാൻ പോലീസ് അനുവദിക്കുന്നത്. പമ്പയിലെ നിലയ്ക്കലോ സന്നിധാനത്തോ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ മണ്ഡലകാലത്തിന്റെ ആദ്യദിനം തന്നെ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.