തൃശൂര്‍: ഇന്ത്യയുടെ നാളെ ക്ലാസ് മുറികളിലാണെന്നും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ഉതകുന്നവരെ വാര്ത്തെടുക്കുന്നവയാകണം വിദ്യാലയങ്ങളെന്നും സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ചു ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ഡോ. ഓസ്വാള്‍ ഗ്രേഷ്യസ്.
സെന്റ്് തോമസ് കോളജ് ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. പൂര്‍വികരുടെ വിദ്യാഭ്യാസ കാഴ്ച്ചപ്പാടും അഭിനിവേശവുമാണ് സെന്റ് തോമസ് കോളജിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. അക്കാദമിക് മികവിനു പുറമെ മികച്ച പൗരനെ വാര്‍ത്തെടുക്കുക എന്ന ദൗത്യവും ഇവിടെ നിര്‍വഹിക്കപ്പെടുന്നുണ്ട്.
പഠനത്തിലൂടെ സത്യത്തെ തിരിച്ചറിഞ്ഞ് അത് മികവുറ്റ രീതിയില്‍ സമൂഹത്തില്‍ പ്രയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ മികച്ച സന്ദേശമാണ് വിദ്യാലയം ലോകത്തിനു സമ്മാനിക്കുന്നത്. ഇത്തരം വിദ്യാലയങ്ങള്‍ തുടങ്ങുന്ന കാലഘട്ടങ്ങളിലെ സാമൂഹ്യ സാഹചര്യം വിലയിരുത്തുമ്പോഴാണ് നിലനില്‍പ്പിന്റെ മഹത്വം മനസിലാകുകയെന്നും പറഞ്ഞു.
കോളജ് മാനേജര്‍ തൃശൂര്‍ രൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഷംഷാബാദ് രൂപത ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ടി.എന്‍. പ്രതാപന് എംപി, കോളജ് എക്സിക്യൂട്ടിവ് മാനേജര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, പ്രിന്‍സിപ്പാള്‍ ഡോ. കെ.എല്‍. ജോയ് എന്നിവര്‍ പ്രസംഗിച്ചു.