പുതുക്കാട്: മണ്ണുത്തി – ഇടപ്പിള്ളി ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾക്കു ഇടം നൽകി പുതുക്കാട് ജംഗ്ഷൻ ഒന്നാംസ്ഥാനത്തേക്ക്. മേൽപ്പാലവും അടിപ്പാതയും സ്വപ്നം കണ്ട പുതുക്കാട്ടുകാർക്ക് ഇപ്പോഴുള്ള സിഗ്നൽ ഡെയ്ഞ്ചർ സ്വപ്നമായി മാറുകയാണ്. ഇന്നലെ രണ്ട് റിട്ട. അധ്യാപകരുടെ മരണത്തിനിടയാക്കിയതുൾപ്പടെ നിരവധി അപകടങ്ങളും മരണങ്ങളുമാണ് പുതുക്കാട് സിഗ്നൽ ജംക്ഷനിൽ ഉണ്ടായിട്ടുള്ളത്. രണ്ട് വർഷത്തിനിടെ 26 പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേറ്റു.
രാത്രികാലങ്ങളിൽ സിഗ്നൽ പ്രവർത്തിക്കാത്തതാണ് അപകടങ്ങൾക്ക് ഒരു പരിധിവരെ കാരണം. രാത്രി 10.30 മുതൽ രാവിലെ 6.30 വരെയാണ് ഓട്ടോമാറ്റിക് സംവിധാനത്തിൽ സിഗ്നൽ ഓഫ് ചെയ്തിടുന്നത്. ഈ സമയങ്ങളിൽ ദേശീയപാതയിലൂടെയുള്ള വാഹനങ്ങളെ ശ്രദ്ധിക്കാതെ കടക്കുന്ന ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് അപകടത്തിനിരയാകുന്നത്. സിഗ്നൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഇന്നലെ അധ്യാപകർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടില്ലായിരുന്നു.
നാല് റോഡുകൾ എത്തിനിൽക്കുന്ന പുതുക്കാട് സെന്ററിൽ ഏത് സമയത്തും പ്രവർത്തിക്കുന്ന സിഗ്നൽ വേണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടെയും ആവശ്യം. പ്രതീക്ഷയറ്റ മേൽപ്പാലത്തിന് പകരം മാനദണ്ഡങ്ങൾ മാറ്റിവച്ച് നിലവിലുള്ള സിഗ്നലെങ്കിലും കത്തിക്കാനുള്ള നടപടികൾ എടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം