കൽപ്പറ്റ: ഭാര്യയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ട സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ വൈത്തിരി ചുണ്ടേൽ ഒലിവുമല സ്വദേശി പോലീസിൽ നൽകിയ പരാതിയും ഇതുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾക്കും പിന്നിൽ സിപിഎമ്മിന്റെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവരാണെന്നു സി.കെ. ശശീന്ദ്രൻ എംഎൽഎ വൈത്തിരിയിൽ പാർട്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പരാതി നൽകിയും വ്യാജ പ്രചാരണം നടത്തിയും പാർട്ടിയെ ദുർബലപ്പെടുത്താമെന്നതു വ്യാമോഹമാണ്. തെറ്റുചെയ്തവർ എത്ര ഉന്നതരായാലും അവർക്കെതിരെ നടപടിയെടുത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.
പരാതിയിൽ ഏതുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പാർട്ടി മുൻ ജില്ലാ സെക്രട്ടറികൂടിയായിരുന്ന ശശീന്ദ്രൻ പറഞ്ഞു. വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, പി.വി. സഹദേവൻ, കെ. റഫീഖ്, എ.എൻ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.