നിലന്പൂർ: നിന്പൂരിൽ അനധികൃത വിദേശമദ്യവിൽപ്പനക്കാരുടെ എണ്ണം പെരുകുന്നു. റെയ്ഡുകൾ സജീവമാക്കാതെ എക്സൈസ്. കൂടുതൽ വരുമാനം ലഭിക്കുന്നതിനാൽ അനധികൃതമായി വിദേശമദ്യ വിൽപ്പനയിലേക്കു പലരും ഇറങ്ങുകയാണ്. യുവാക്കളും മധ്യവയസ്കരും ഇതിൽ ഉൾപ്പെടും.
നിലന്പൂർ എക്സൈസ് റേഞ്ചിനു കീഴിൽ മാത്രം 80 ഓളം പേരാണ് നിലന്പൂരിലെ ബീവറേജസ് ഒൗട്ട്ലെറ്റിൽനിന്നു വിദേശമദ്യം വാങ്ങി ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കു ഇരട്ടി വിലയ്ക്ക് മറിച്ചുവിൽക്കുന്നത്. ഇത്തരം വിൽപ്പനയിൽ ദിവസം 1000 മുതൽ 4000 രൂപ വരെ വരുമാനം ലഭിക്കുന്നവരുണ്ട്. ഇവർ കൈവശം വയ്ക്കാവുന്ന മൂന്നു ലിറ്റർ മദ്യം ബീവറേജസ് ഒൗട്ട്ലെറ്റിലെത്തി നേരിട്ടു വാങ്ങും.
കൂടാതെ കുറഞ്ഞ തുക നൽകി മദ്യം വാങ്ങാനെത്തുന്നവരെ കൊണ്ടും മദ്യം വാങ്ങിക്കും. വിദ്യാർഥികൾ, യുവാക്കൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് ഇവരുടെ പ്രധാന ഇരകൾ. ഓർഡർ അനുസരിച്ച് വിവിധയിടങ്ങളിലെത്തിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും പരാതിക്കാരെ കൊണ്ടു പൊറുതിമുട്ടുന്പോഴാണ് എക്സൈസ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണയിൽ അനധികൃത മദ്യവിൽപ്പനയ്ക്കിടെ മഫ്ത്തിയിലെത്തിയ എക്സൈസുകാർ യുവാവിനെ പിടികൂടിയിരുന്നു. ഇതു മൊബൈലിൽ പകർത്താൻ ശ്രമിച്ചയാളുടെ ഫോണ് എക്സൈസ് ജീവനക്കാർ ബലം പ്രയോഗിച്ച് പിടിച്ചെടുത്തതു നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു.
മദ്യവിൽപ്പന നടത്തിയ യുവാവിനെയും അയാൾ സഞ്ചരിച്ച ബൈക്കും എക്സൈസ് ഓഫീസിലേക്കു കൊണ്ടുപോയെങ്കിലും രാഷ്ട്രീയക്കാർ എത്തിയതോടെ വാഹനത്തിനും മദ്യവിൽപ്പനയ്ക്കും കൂടി 7500 രൂപ പിഴ ഈടാക്കി വിടുകയായിരുന്നു. ചാലിയാർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വിദേശമദ്യവിൽപ്പന പൊടിപൊടിക്കുകയാണ്. കോളനികളിൽ മദ്യം എത്തിക്കുന്ന ഓട്ടോറിക്ഷകളുമുണ്ട്.