കാളികാവ്: വിവിധ ആയുധങ്ങളുമായി യുവാവ് പിടിയിലായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കരിങ്കല്ലത്താണി താഴെക്കോട് മാട്ടറക്കൽ സ്വദേശി പട്ടണം വീട്ടിൽ അബ്ദുൾ മനാഫ്(46) ആണ് ഇന്നലെ അറസ്റ്റിലായത്.
കൂടുതൽ അന്വേഷണത്തിനായി വനംവകുപ്പ് ഇയാളെ പെരിന്തൽമണ്ണ പോലീസിനു കൈമാറിയിരിക്കുകയാണ്. കാളികാവിലെ വനംവകുപ്പ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കഴിഞ്ഞ ദിവസം രാത്രി പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ലൈസൻസില്ലാത്ത തോക്ക്, 59 തിരകൾ, തിരയിൽ നിറക്കുന്ന ഈയം ഉണ്ടകളുടെ അര കിലോ വരുന്ന മൂന്നു പാക്കറ്റുകൾ, അഞ്ചു കത്തികൾ, ഒരു വടിവാൾ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്.
പാരന്പര്യമായി ലഭിച്ചതെന്നു പറയുന്ന തോക്കിനു ലൈസൻസില്ല. തിരകൾ സുഹൃത്തിനോടൊപ്പം പോയി കോയന്പത്തൂരിൽ നിന്നു വാങ്ങിയതാണെന്ന് പ്രതി വനപാലകരോടു പറഞ്ഞു. വേട്ടയാടാനാണ് തോക്കും തിരകളും മറ്റു ആയുധങ്ങളും ഉപയോഗിക്കുന്നതെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. 13 വർഷക്കാലം വിദേശത്തായിരുന്ന മനാഫ് ഇപ്പോൾ നാട്ടിൽ ടാപ്പിംഗ് ജോലി ചെയ്യുകയാണ്.
പ്രതിയുടെ വീട്ടിൽ നിന്നു വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചി ലഭിച്ചിട്ടില്ല. കണ്ടെടുത്ത ആയുധങ്ങൾ സംശയങ്ങൾക്കു ഇടയാക്കുന്നതിനാൽ കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പെരിന്തൽമണ്ണ പോലിസിനു കൈമാറിയിരിക്കുകയാണെന്നു കാളികാവ് റേഞ്ചിന്റെ ചുമതലയുള്ള കരുളായി വനം റേഞ്ച് ഓഫീസർ കെ. രാകേഷ് പറഞ്ഞു.
പ്രതിക്കെതിരെ ആയുധ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നു പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ വി. ബാബുരാജ് അറിയിച്ചു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.