ബർലിൻ: ആരോഗ്യരംഗത്ത് 12 മണിക്കൂർ ഷിഫ്റ്റുകളിൽ ജോലി ചെയ്തു നട്ടം തിരിയുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാദരക്ഷാ ആരോഗ്യത്തിനായി അന്താരാഷ്ട്ര പാദരക്ഷാ ബ്രാൻഡ് കന്പനിയായ നൈക്ക് പുതിയ ’എയർ സൂം പൾസ്’ ഷൂവമായി ആരോഗ്യ രംഗത്തെത്തുന്നു.
ദൈനംദിനമായി ആരോഗ്യരംഗത്ത് പരിചരണം നൽകുന്ന ഡോക്ടർമാർക്കും, നഴ്സുമാർക്കും വേണ്ടിയാണ് ചെരിപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കന്പനി പറയുന്നു. ആരോഗ്യരംഗത്തെ അത്ലറ്റിക് എന്നാണ് കന്പനി ഷൂവിനെ വിശേഷിപ്പിക്കുന്നത്.
പ്രത്യേക തരത്തിൽ ഡിസൈൻ ചെയ്ത് വളരെ എളുപ്പത്തിൽ ധരിയ്ക്കാൻ ഉതകുന്ന തരത്തിലാണ് ’എയർ സൂം പൾസ്’ ഷൂകൾ നിർമ്മിച്ചിരിയ്ക്കുന്നത്. ഗ്രിപ്പുള്ള റബർ സോൾ, പ്ലാസ്റ്റിക് കോട്ടിംഗ്, ഇലാസ്റ്റിറ്റി ഫിറ്റ്, ലെയ്സ്ലെസ്് എന്നിവ ഉൾപ്പെടുത്തിയുള്ള കംഫർട്ടാണ് ഷൂവിന്റെ പ്രത്യേകതകൾ.
ആരോഗ്യമേഖലയിൽ ആഗോള തലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ പഠനങ്ങളുടെ വെളിച്ചത്തിലും, ആശുപത്രി ജീവനക്കാരുടെ ഇൻപുട്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയതെന്നും അമേരിക്കൻ സ്പോർട്സ് വസ്ത്ര കന്പനിയായ നൈക്ക് അവകാശപ്പെടുന്നു.
ഡിസം ഏഴിന് വിപണിയിൽ എത്തുന്ന ’എയർ സൂം പൾസ്’ ഷൂവിന്റെ വില 100 ഡോളറിന് മുകളിലാണ്.ആഗോള തലത്തിൽ നൈക്ക് ഒൗട്ട്ലറ്റുകളിൽ ഷൂ ലഭ്യമായിരിയ്ക്കുമെന്നും കന്പനി അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ