തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ ജീവിതം നയിക്കാനാഗ്രഹിക്കുന്ന മനുഷ്യരും നമുക്കിടയിലുണ്ട്. അത്തരക്കാര്‍ പലപ്പോഴും മറ്റുള്ളവരില്‍ നിന്നും അത്യന്ത്യം വ്യത്യസ്തരായിരിക്കും. വില്യം-കേറ്റ് ദമ്പതികളും ഇത്തരം മനോവിചാരം ഉള്ളവരാണ്. പേര് കേട്ടിട്ട് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്ക് ഇതെന്തു പറ്റിയെന്നു ചോദിക്കാന്‍ വരട്ടെ. അവരല്ല ഇവര്‍. ന്യൂസിലന്‍ഡുകാരാണ് ഈ ദമ്പതികള്‍.
അഞ്ചേക്കര്‍ കാടിനു നടുവില്‍ വീടുവച്ചാണ് ഇവര്‍ തിരക്കുകളില്‍ നിന്ന് ഒഴിവായത്. വൈഹെക് ദ്വീപിലെ ന്യൂസിലാൻഡ് ബുഷ് പ്രോപ്പര്‍ട്ടിയിലാണ് വില്ല്യം, കേറ്റ് ദമ്പതികളുടെ ഈ മനോഹരഗൃഹം സ്ഥിതി ചെയ്യുന്നത്. ഇവരുടെ വീട്ടിലേക്കെത്തുന്നവരുടെ കണ്ണില്‍ ആദ്യം പതിയുക ചുറ്റുമുള്ള ഹരിതാഭവും ശാന്തവുമായ അന്തരീക്ഷമാണ്.
റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് മുള്‍പടര്‍പ്പ് കൊണ്ട് അലങ്കരിച്ച പാതയിലൂടെ നടന്നടുക്കുമ്പോള്‍ പുറംലോകത്തിന്റെ സമ്മര്‍ദം തികച്ചും ഇല്ലാതാവുകയും ഫ്രീ ആയി തുടങ്ങുകയും ചെയ്യുന്നു. പാത അവസാനിക്കുന്നിടത്ത് മനോഹരമായ കോണിപ്പടികള്‍ രൂപപ്പെടുത്തിയിരിക്കുന്നു. അത് ഡെക്കിനു ചുറ്റുമുള്ള റാംപിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു.
ഈ ചെറിയ വീടിനുള്ളില്‍ ദമ്പതികള്‍ക്ക് ആവശ്യമായതെല്ലാം ഉണ്ട്. സുഖപ്രദമായ ഒരു ലോഞ്ച്, ഫംഗ്ഷണല്‍ ഡിസൈനര്‍ അടുക്കള, കമ്പോസ്റ്റിംഗ് ടോയ്ലറ്റ് ഉള്ള വലിയ കുളിമുറി, ധാരാളം സംഭരണ ഇടം, ഉയരമുള്ള മരങ്ങള്‍ക്കിടയിലുള്ള ആകാശത്തേക്ക് നോക്കുന്ന സ്കൈലൈറ്റ് ഉള്ള മനോഹരമായ സ്ലീപ്പിങ് ലോഫ്റ്റും രൂപപ്പെടുത്തിയിട്ടുണ്ട്.
കാര്യക്ഷമമായ വിന്യാസമാണ് അകത്തളങ്ങള്‍ സ്ഥലം ഉപയുക്തമാക്കുന്നത്. ഇവിടെവച്ച് ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. ആ കുഞ്ഞിനു വേണ്ടി ഓഫിസ് സ്പേസിനോട് ചേര്‍ന്ന് ഒരു നഴ്സറിയും അവര്‍ ഡിസൈന്‍ ചെയ്തു. ചെറിയ ലൈബ്രറിയും പാര്‍ട്ടി ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വലിയ വീടിനെ അപേക്ഷിച്ച് ചെറിയ വീട്ടില്‍ താമസിക്കുന്നത് ജീവിതം കുറച്ചു കൂടി കാര്യക്ഷമമാക്കാനും സുഖകരമാക്കാനും സഹായിക്കുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.