എരുമേലി: ഏരിയ നേതൃത്വം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതിന് പിന്നാലെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് പ്രമുഖ നേതാവ് സിപിഎം വിട്ടു. 52 വർഷമായി പാർട്ടി അംഗവും 27 വർഷക്കാലം എരുമേലി ലോക്കൽ സെക്രട്ടറി സ്ഥാനവും വഹിച്ച ടി.പി. തൊമ്മിയാണ് രാജി വച്ചെന്ന് അറിയിച്ചത്. ഇനി സിപിഐയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ടി.പി. തൊമ്മി പറഞ്ഞു. കഴിഞ്ഞയിടെയായി എരുമേലി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഭിന്നത രൂക്ഷമായിരുന്നു.
കാഞ്ഞിരപ്പള്ളി ഏരിയ നേതൃത്വം ഇടപെട്ട് ലോക്കൽ കമ്മിറ്റി അംഗമായ ടി.പി. തൊമ്മിയെ ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. അച്ചടക്ക നടപടിക്ക് ശേഷം പാർട്ടി നേതൃ തലത്തിലേക്ക് കെഎസ്കെടിയുവിൽ ഭാരവാഹിയായി ടി.പി. തൊമ്മി സജീവമായപ്പോഴാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മാറ്റി കഴിഞ്ഞയിടെ വീണ്ടും അച്ചടക്ക നടപടി ഉണ്ടായത്.
അതേസമയം ജോലി വാഗ്ദാനം നൽകി പലരിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ടി.പി. തൊമ്മിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ലോക്കൽ സെക്രട്ടറി കെ.സി. ജോർജ്കുട്ടി അറിയിച്ചു. എന്നാൽ, സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി 20 വർഷം മുമ്പ് വിവാഹിതയായ തന്റെ മകൾക്കെതിരെയാണെന്നും അതിന്റെ പേരിൽ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ആസൂത്രിതമായി തന്നെ പാർട്ടിയിൽ നിന്ന് നീക്കാൻ നടത്തിയ ശ്രമമാണെന്നും തൊമ്മി ആരോപിച്ചു.