തലശേരി: ആന്ധ്രയിൽ നിന്നു ബംഗളൂരു വഴി കണ്ണൂരിലേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് ഉൾപ്പെടെയുള്ള ലക്ഷങ്ങൾ വില വരുന്ന ലഹരി വസ്തുക്കളുമായി മൂന്നു പേരെ ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി ഷാക്കിർ മസൂദ് (32), എടക്കാട് സ്വദേശി നസീൽ (30), വളപട്ടണം സ്വദേശി മുഹമ്മദ് സിയാദ് (26) എന്നിവരെയാണ് സി ഐ ലക്ഷ്മികാന്തയുടെ നേതൃത്വത്തിലുള്ള ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് നർക്കോട്ടിക് വിംഗ് അറസ്റ്റു ചെയ്തത്.
ഒന്നേകാൽ കിലോ ഹാഷിഷ് രണ്ടു കിലോ കഞ്ചാവ് 12 ഗ്രാം എംഡിഎം എ എന്നിവയാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും ബൈക്കും പോലീസ് പിടിച്ചെടുത്തു. 2015ൽ തലശേരി പുതിയ ബസ് സ്റ്റാൻഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നും എട്ടു കിലോ കഞ്ചാവുമായി ഇതേ സംഘത്തെ തലശേരി പോലീസ് പിടികൂടിയിരുന്നു.
അന്നത്തെ സിഐ വിശ്വംഭരൻ നായർ, ക്രൈം സ്കോഡിലെ എഎസ്ഐമാരായ ബിജുലാൽ, അജയൻ, വൽസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമരായ വിനോദ് ,സുജേഷ് എന്നിവരടങ്ങിയ സംഘമാണ് വേഷം മാറിയെത്തി അതി സാഹസികമായി മൂന്നംഗ സംഘത്തെ അന്നു പിടി കൂടിയത്.
വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികൾ ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി വസ്തുക്കൾ കടത്തുകയാണ് ചെയ്തിരുന്നതെന്ന് കർണാടക – കേരള പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്വകാര്യ ബസുകൾ വഴിയാണ് പ്രതികൾ കണ്ണൂർ ജില്ലയിലേക്ക് കടക്കുന്നതെന്നും ബംഗളൂരുവിൽ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ ചില വിദ്യാർഥികൾ കരിയർമാരായി പ്രവർത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബംഗളൂരു ജയിലിലുള്ള പ്രതികളെ കേരള പോലീസ് ജയിലിലെത്തി ചോദ്യം ചെയ്യും.