തിരുവനന്തപുരം: കൂത്തുപറന്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള ചൂണ്ടയിടൽ മൽസരത്തെ പരിഹസിച്ചവർക്കു മറുപടിയുമായി ഡിവൈഎഫ്ഐ. ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണെന്നും അതിനെ പരിഹസിക്കുന്നവർക്കു സവർണബോധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം കുറ്റപ്പെടുത്തി.
പി.സി. വിഷ്ണുനാഥിന്റെയും അനിൽ അക്കരയുടെയും ടി. സിദ്ദിഖിന്റെയുമൊക്കെ മനസിൽ കത്തി നിൽക്കുന്ന സവർണ ബോധമാണ് ഇത്തരം വിമർശനങ്ങൾക്കു പിന്നിൽ. മീൻ പിടിക്കുന്നവർ, മീൻവിൽക്കുന്നവർ, ഇറച്ചിവെട്ടുന്നവർ, മുടിവെട്ടുന്നവർ എന്നിങ്ങനെയുള്ള സാധാരണക്കാരോട് എന്തിനാണ് ഇവർക്ക് ഇത്ര എതിർപ്പ്. ചൂണ്ട കണ്ടപ്പോഴാണ് അവർക്ക് ആക്ഷേപിക്കാൻ തോന്നിയത്. ഞങ്ങൾക്കത് ആക്ഷേപമല്ല. സവർണബോധം കുടിയിരിക്കുന്ന കോണ്ഗ്രസ് നേതാക്കളുടെ കണ്ണിന്റെയും മനസിന്റെയും പ്രശ്നമാണ്- റഹിം പറഞ്ഞു.
ഡിവൈഎഫ്ഐ മണ്ണിന്റെ മണം സൂക്ഷിക്കുന്ന മനുഷ്യരുമായി കൂടുതൽ ബന്ധം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ്. മീൻപിടിത്തം വിനോദമല്ല, പലരും അരി വാങ്ങാൻ വേണ്ടിയാണ് അത് ചെയ്യുന്നത്. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടന്ന പല മത്സരങ്ങളിൽനിന്നും പരിപാടികളിൽനിന്നും ചൂണ്ടയിടൽ മാത്രം അടർത്തിമാറ്റിയെടുത്തു പരിഹസിക്കുന്നതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നും റഹിം പറഞ്ഞു.
കൂത്തുപറന്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയുടെ ഭാഗമായാണു ഡിവൈഎഫ്ഐ ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്. തയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യിൽമുക്ക് പുഴയിലായിരുന്നു മത്സരം. ചൂണ്ടയും ഇരയുമായി എത്തി 11 പേർ മത്സരത്തിൽ പങ്കെടുത്തു. രക്തസാക്ഷി അനുസ്മരണ ദിവസം ചൂണ്ടയിടൽ മത്സരം നടത്തിയതിനെ പി.സി. വിഷ്ണുനാഥ് ഉൾപ്പെടെ നിരവധി പേർ വിമർശിച്ചിരുന്നു.