നെടുന്പാശേരി: ദേശീയപാതയിൽ ആലുവ അത്താണിയിൽ നാട്ടുകാർ നോക്കിനിൽക്കെ ഗുണ്ടാസംഘത്തലവനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. നാലു മുതൽ എട്ടു വരെ പ്രതികളായ മേയ്ക്കാട് മാളിയേക്കൽ അഖിൽ(25), മേയ്ക്കാട് മാളിയേക്കൽ അരുണ്(22), പൊയ്ക്കാട്ടുശേരി വേണാട്ടുപറന്പിൽ ജസ്റ്റിൻ(28), മേയ്ക്കാട് കിഴക്കേപ്പാട്ട് ജിജീഷ് (38)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
കേസിലെ ഒന്നു മുതൽ മൂന്നുവരെ പ്രതികളായ വിനു വിക്രമൻ, ലാൽ കിച്ചു, ഗ്രിന്േറഷ് എന്നിവർ ഒളിവിലാണ്. ഇവർ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.ഗുണ്ടാത്തലവൻ നെടുന്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ ’ഗില്ലാപ്പി’ എന്നു വിളിക്കുന്ന ബിനോയി (40) യെയാണ് കാറിലെത്തിയ മൂന്നംഗസഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണി ഓട്ടോറിക്ഷ സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. പ്രതികളിൽ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തിൽപ്പെട്ടവർ മർദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു പകരം വീട്ടുന്നതിനായി സംഭവദിവസം രാവിലെ പ്രതികൾ അഖിലിന്റെ വീട്ടിൽ ഒത്തുചേരുകയും രാത്രി എട്ടിനുശേഷം അത്താണി ഡയാന ബാറിനു സമീപം ബിനോയിയുണ്ടെന്ന വിവരം അറിഞ്ഞ് ആയുധങ്ങളുമായി എത്തി റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണു പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. ഒളിവിലുള്ള മൂന്നു പ്രതികളാണ് ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തത്. പ്രതികൾ തൃശൂർ ഭാഗത്തുണ്ടെന്ന സൂചനയെത്തുടർന്ന് അന്വേഷണം അങ്ങോട്ടേക്കും വ്യാപിപ്പിച്ചു.
ബാറിൽനിന്നു മദ്യപിച്ചിറങ്ങിയ ബിനോയിയെ റോഡിൽ കാത്തുനിന്ന പ്രതികൾ വളഞ്ഞിട്ടു വെട്ടുകയായിരുന്നു. അക്രമികളെ കണ്ടയുടൻ ബിനോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ബിനോയിയുടെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന ’അത്താണി ബോയ്സ്’ എന്ന ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ.