തിരുവനന്തപുരം: പിഎസ്സി നടത്തുന്ന വിവിധ പരീക്ഷകൾക്കു ഉദ്യോഗാർഥികൾ സ്ഥിരീകരണം നൽകുന്ന സന്പ്രദായം ഇനി വണ്‍ ടൈം പാസ്വേഡ്(ഒടിപി) മുഖേന മാത്രം. ഇതിനായി 10 മിനിറ്റ് സാധുതയുളള ഒടിപി ആയിരിക്കും ഉദ്യോഗാർഥിയുടെ മൊബൈലിൽ ലഭിക്കുക.
ഉദ്യോഗാർഥി പ്രൊഫൈൽ വഴി കണ്ഫർമേഷൻ (നിശ്ചിത തീയതിയിൽ നിശ്ചിത പരീക്ഷാ കേന്ദ്രത്തിലെത്തി പരീക്ഷയെഴുതുമെന്ന ഉറപ്പ്) നൽകുന്നതാണ് ഇപ്പോഴുള്ള രീതി. ഇനിമുതൽ കണ്ഫർമേഷൻ നൽകുന്പോൾ പിഎസ്സിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർഥിയുടെ മൊബൈൽ ഫോണിലേക്കു ഒരു ഒടിപി എത്തും. ഈ പാസ്വേഡ് 10 മിനിറ്റിനുള്ളിൽ എന്റർ ചെയ്താൽ മാത്രമേ കണ്ഫർമേഷൻ നൽകുന്ന നടപടിക്രമം പൂർത്തിയാകൂ.
കണ്ഫർമേഷൻ നൽകുന്ന ഉദ്യോഗാർഥികളിൽ നല്ലൊരു ശതമാനം നിലവിൽ പരീക്ഷയെഴുതുന്നില്ല. ഉദ്യോഗാർഥിയുടെ യൂസർ നെയ്മും പാസ്വേര്ഡും ഉപയോഗിച്ച് മറ്റാരെങ്കിലും കണ്ഫർമേഷൻ നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗാർഥി തന്നെ നേരിട്ടു കണ്ഫർമേഷൻ നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്.