സ്വന്തം ലേഖകൻ
തൃശൂർ: ശബരിമല തീർഥാടകരും ശബരിമലയിൽ ജോലി ചെയ്യുന്നവരും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം. തീർഥാടകർക്കും ശബരിമല ഇറങ്ങിക്കയറി വിവിധ ജോലികളിൽ ഏർപ്പെടുന്നവർക്കും ഹൃദയാഘാത സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുന്നത്.
മലകയറുന്പോഴും ഇറങ്ങുന്പോഴും തീർത്ഥാടകരും ശബരിമലയിൽ ജോലി ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മല കയറുന്പോഴും ഇറങ്ങുന്പോഴും ഇടക്കിടെ വിശ്രമിക്കുക. വളരെ വേഗത്തിൽ മല കയറാൻ ശ്രമിക്കരുത്. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ യാതൊരു കാരണവശാലും മുടക്കരുത്.
തീർഥാടനത്തിനു മുന്പ് ഒരു സാധാരണ വൈദ്യ പരിശോധനക്കു വിധേയമാകുന്നത് നന്നായിരിക്കും.ഇടക്കിടെ വെള്ളം കുടിക്കുകയും കൃത്യസമയത്ത് ആഹാരം കഴിക്കുകയും വേണം. മല കയറുന്നതിനു തൊട്ടു മുൻപ് ലഘുവായ തോതിൽ മാത്രം ഭക്ഷണം കഴിക്കുക.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
നെഞ്ചുവേദന (കൈകൾ, കഴുത്ത്, പുറം ഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതോ അല്ലാത്തതോ ആയിട്ടുള്ള നെഞ്ചുവേദന) നെഞ്ചിൽ ഭാരം അനുഭവപ്പെടുക. കൂടുതൽ വിയർക്കുക, തൊണ്ട വരളുക, ഛർദ്ദിക്കുക. ശ്വാസം മുട്ട് അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക. കാഴ്ച മങ്ങുക, തലകറക്കം അനുഭവപ്പെടുക, തലക്ക് ഭാരം കുറയുന്നതായി തോന്നുക.
എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ :മലകയറ്റം തുടരരുത്. ഉടൻ തന്നെ വൈദ്യസഹായം തേടുക. 12890 എന്ന ഹെൽപ്പ് ലൈനിൽ വിളിക്കാവുന്നതാണ്. കഴിയുമെങ്കിൽ കിടന്ന് വിശ്രമിക്കുക. സ്വയം ചികിത്സക്ക് മുതിരരുത്
അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ നേരിടുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പന്പ മുതൽ സന്നിധാനം വരെ 16 എമർജൻസി സെന്ററുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂറും ഇവിടെ ആരോഗ്യ സേവനങ്ങൾ ലഭ്യമാണ്.
വാട്സാപ്പ് വഴിയും മറ്റു സോഷ്യൽമീഡിയകൾ വഴിയും ഈ ജാഗ്രതാ മുന്നറിയിപ്പ് സംവിധാനങ്ങൾ തീർഥാടകർക്ക് നൽകി വരുന്നുണ്ട്.