തൃശൂർ: പത്തുവർഷം മുന്‍പ് ഒലീവിയ എന്ന ചെറിയ പെണ്‍കുട്ടി ഉറക്കത്തിൽ പേടിപ്പെടുത്തുന്ന ഒരു സ്വപ്നം കണ്ടു ഓക്സിജനില്ലാത്ത നാടിനെക്കുറിച്ച്. ഓക്സിജൻ സിലിണ്ടറുകളുമായി ജീവിക്കേണ്ടി വരുന്ന ഭീതിദമായ അവസ്ഥയെക്കുറിച്ച്….
2010ൽ തൃശൂർ ആസ്ഥാനമായ ഓർഗ് പീപ്പിൾ ഇന്ത്യ ഫൗണ്ടേഷൻ പുറത്തിറക്കിയ ഒലീവിയ കണ്ട സ്വപ്നം എന്ന ചെറിയ പുസ്തകത്തിൽ ആർട്ടിസ്റ്റ് നന്ദൻപിള്ളയാണ് ഓക്സിജൻ സിലിണ്ടറുമായി ജീവിക്കേണ്ടി വരുന്ന ഭാവിതലമുറയെ മനോഹരമായി ആവിഷ്കരിച്ചത്. പുസ്തകം വന്ന് പത്തുവർഷം തികയാറാകുന്പോഴാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ഓക്സിജൻ പാർലറുകൾക്ക് മുന്നിൽ ആളുകൾ ശുദ്ധവായു ലഭിക്കാൻ കാത്തുനിൽക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന പുതിയ വാർത്ത വരുന്നത്.
ഓസോണ്‍ പാളികളിലെ വിള്ളലും അന്തരീക്ഷ മലിനീകരണവും മരങ്ങൾ വെട്ടി പ്രകൃതിയെ നശിപ്പിക്കലും എല്ലാം മൂലം ഭൂമിയിൽ ഓക്സിജൻ ഇല്ലാതാകുന്ന അവസ്ഥയും ആളുകൾ ഓക്സിജൻ സിലിണ്ടറുകൾ കൈയിൽ കൊണ്ടു നടക്കുന്ന സ്ഥിതിയുമെല്ലാം ഒലീവിയ എന്ന പെണ്‍കുട്ടിയുടെ സ്വപ്നത്തിൽ നിറയുന്ന കാഴ്ചകളായാണ് ആർട്ടിസ്റ്റ് നന്ദൻപിള്ള അവതരിപ്പിച്ചത്.
2009ൽ തുടങ്ങിയ രചന 2010ലാണ് പുസ്തകമായി പുറത്തുവന്നത്. അന്ന് അതൊരു സയൻസ് ഫാന്റസി ഫിക്ഷൻ എന്ന രീതിയിലാണ് പലരും കണ്ടത്. വരാൻ പോകുന്ന ആപത്തിന്റെ ഒരു മുന്നറിയിപ്പാണതെന്ന് ചിലരെങ്കിലും പറയുകയുമുണ്ടായി. കേരളത്തിലെ സ്കൂളുകളിലും മറ്റുമായി ഒലീവിയ കണ്ട സ്വപ്നം എന്ന ചെറിയ പുസ്തകത്തിന്റെ രണ്ടര ലക്ഷത്തോളം കോപ്പികളാണ് സൗജന്യമായി വിതരണം ചെയ്തത്.
ഡൽഹിയിൽ ഒരു ഷോപ്പിംഗ് മാളിലൊരുക്കിയ ഓക്സിജൻ ബാറിനു മുന്നിൽ ആളുകൾ പണം കൊടുത്ത് ശുദ്ധവായു ശ്വസിക്കാൻ കാത്തു നിൽക്കുന്നുവെന്ന വാർത്ത കണ്ട് പലരും നന്ദൻപിള്ളയെ വിളിച്ച് പത്തുവർഷം മുന്പെഴുതിയത് സത്യമായല്ലോ എന്ന് അത്ഭുതപ്പെടുന്നുണ്ട്. ഓക്സിജൻ തട്ടിയെടുക്കുന്ന കാലത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
ഓക്സിജൻ തിരിച്ചുകിട്ടാൻ തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുന്നത് കണ്ടുകൊണ്ടാണ് ഒലീവിയ സ്വപ്നത്തിൽ നിന്നുണരുന്നത്. ഒലീവിയ കണ്ട ആ സ്വപ്നമാണിപ്പോൾ രാജ്യതലസ്ഥാനത്ത് സത്യമായിക്കൊണ്ടിരിക്കുന്നത്.